മലയാളത്തിൻ്റെ മഹാപ്രതിഭ എം ടിയ്ക്ക് കേരളം ശിരസു നമിച്ച് വിട ചൊല്ലുന്നു. മലയാളം കണ്ട എക്കാലത്തേയും പ്രതിഭാധനനായ എഴുത്തുകാരൻ ഇന്നലെ രാത്രി 10 മണിയോടെയാണ് കാലയവനികക്കുള്ളിൽ മറഞ്ഞത്. എഴുത്തിൻ്റെ ഭീഷ്മാചാര്യനെ അവസാനമായി ഒരു നോക്കുകാണാൻ വിവിധ കോണുകളിൽ നിന്ന് വ്യത്യസ്ത മേഖലകളിലുള്ളവർ കോഴിക്കോട്ടേയ്ക്ക് ഒഴുകി എത്തുകയാണ്. കുറേ നാളുകളായി അസുഖ ബാധിതനായിരുന്ന അദ്ദേഹത്തിന് ചികിത്സക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് ഇപ്പോൾ നില വഷളാക്കിയതും ഒടുവിൽ അന്ത്യത്തിൽ കലാശിച്ചതും.
മുഖ്യമന്ത്രിയടക്കമുള്ളവർ എം ടി യുടെ വേർപാടിൽ അനുശോചനവുമായി എത്തി. മഹാപ്രതിഭയോടുള്ള ആദര സൂചകമായി ഇന്നും നാളെയും നടക്കേണ്ടിയിരുന്ന സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികൾ എല്ലാം മാറ്റിവച്ചിട്ടുണ്ട്. ഇന്നു ചേരേണ്ടിയിരുന്ന മന്ത്രിസഭായോഗവും എം ടി യുടെ വേർപാടിനെ തുടർന്ന് മാറ്റി വച്ചു.
എം ടി യുടെ ഭൗതികദേഹം കോഴിക്കോട്ടെ അദ്ദേഹത്തിൻ്റെ വസതിയിലാണ് ഇപ്പോഴുള്ളത്. വൈകീട്ട് 4 മണി വരെ അവിടെയാവും ഉണ്ടാവുക. നിലവിലെ അറിവനുസരിച്ച് ഇന്ന് വൈകീട്ട് അഞ്ചുമണിയ്ക്ക് സംസ്ക്കാരം നടക്കും.