അജിത് കുമാറിന് വിജിലൻസിൻ്റെ ക്ലീൻ സർട്ടിഫിക്കറ്റ്

At Malayalam
1 Min Read

എം ആർ അജിത് കുമാർ ക്ലീൻ ആണെന്ന റിപ്പോർട്ട് വിജിലൻസ് സംഘം ഡി ജി പിക്കു ഉടൻ കൈമാറുമെന്ന് വിവരം. അജിത് കുമാറിനെതിരെ നിരവധി ആരോപണങ്ങളാണ് ഇതിനോടകം വിജിലൻസ് അന്വേഷിച്ചത്. കവടിയാർ കൊട്ടാരത്തിനു സമീപം പണിയുന്ന മൂന്നു നില ആഡംബര വീടിനെ സംബന്ധിച്ചായിരുന്നു പ്രധാനമായും ഒരു ആരോപണം. കോടികൾ ചെലവഴിച്ച് നിർമിക്കുന്ന ഈ വീടിൻ്റെ നിർമാണ ആവശ്യത്തിനായി അജിത്കുമാർ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഒന്നര കോടി രൂപ വായ്പ എടുത്തതായാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. വീടു നിർമിക്കുന്ന കാര്യം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്തു വിവര പട്ടികയിൽ ഇത് ഉൾപ്പെടുത്തിയിട്ടുള്ളതായും റിപ്പോർട്ടിലുണ്ട്.

തിരുവനന്തപുരം സിറ്റിയിലെ കുറവൻ കോണത്ത് ഒരു ഫ്ലാറ്റ് വാങ്ങിയിട്ട് ഇരട്ടി വിലയ്ക്ക് അതു മറിച്ചു വിറ്റത് കള്ളപ്പണം വെളുപ്പിക്കാനന്നായിരുന്നു മറ്റൊരു ആരോപണം. എന്നാൽ 2009 ൽ 37 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് മറിച്ചു വിറ്റത് 67 ലക്ഷം രൂപയ്ക്കാണ്. എന്നാൽ 25 ലക്ഷം രൂപ ഇതിനും വായ്പ എടുത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നാലു വർഷം ഇവിടെ താമസിച്ച ശേഷമാണ് ഫ്ലാറ്റ് വിറ്റത്. ഫ്ലാറ്റ്, കമ്പനി കൈമാറി നാലു വർഷം കഴിഞ്ഞ കാലയളവിലുണ്ടായ വിപണി മൂല്യ വർധനവാണ് 67 ലക്ഷമെന്നും വിജിലൻസ് കണ്ടെത്തി.

കരിപ്പൂർ വഴിയുള്ള സ്വർണകടത്തു കേസിലും എം ആർ അജിത് കുമാറിന് യാതൊരു വിധത്തിലുള്ള പങ്കുമില്ലെന്നും കണ്ടെത്തി. മലപ്പുറം എസ് പി ഓഫിസിലെ മരം മുറി കേസുമായും അജിത് കുമാറിന് ബന്ധമില്ല. കൂടാതെ മലപ്പുറം എസ് പി ആയിരുന്ന സുജിത് ദാസിൻ്റെ സമയത്താണ് ഏറ്റവും കൂടുതൽ സ്വർണ കേസ് പിടി കൂടിയതെന്നും റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ട് ഒട്ടും വൈകാതെ കേസുകൾ അന്വേഷിച്ച വിജിലൻസ് സംഘം ഡി ജി പി ഡോ : ഷേയ്ക് ദേർവേഷ് സാഹിബ്ബിനു കൈമാറുമെന്നാണ് അറിയുന്നത്.

- Advertisement -
Share This Article
Leave a comment