റോഡ് നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കുമെന്ന് കെ.ബി ഗണേഷ് കുമാർ

At Malayalam
2 Min Read

അപകടം നടന്ന പനിയമ്പാടത്തെ റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയതയുണ്ടെന്നും അത് ഉടൻ പരിഹരിക്കുമെന്നും ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാർ. ലോറി മറിഞ്ഞ് കുട്ടികൾ മരിച്ച പനയമ്പാടത്തെ അപകട സ്ഥലവും റോഡിലെ പ്രശ്നങ്ങളും കണ്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

റോഡിൻ്റെ നിർമ്മാണം അശാസ്ത്രീയമാണ്. ഒരുവശത്ത് കൂടുതൽ വീതിയും മറുവശത്ത് കുറഞ്ഞ വീതിയുമാണ്. ഇതു പരിഹരിക്കാൻ റോഡിൻ്റെ നടുഭാഗത്തായി ഇട്ടിട്ടുള്ള മാർക്ക് രണ്ടു മീറ്റർ മാറ്റിവരയ്ക്കും. ഇവിടെ അടിയന്തരമായി ഡിവൈഡറും സ്ഥാപിക്കും. അപകടത്തിനു പ്രധാന കാരണമാകുന്ന വലതുഭാഗത്തായുള്ള ഓട്ടോസ്റ്റാൻഡ് ഇടതു ഭാഗത്തേക്ക് ഉടൻ മാറ്റാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നാഷണൽ ഹൈവേ അതോറിറ്റി, പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ്, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവരുടെ യോഗം ചൊവ്വാഴ്ച വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. റോഡു നിർമാണത്തിൽ നാഷണൽ ഹൈവേ അതോറിറ്റിക്കുണ്ടായ അപാകതയാണ് ഇവിടെ പ്രധാന പ്രശ്നം. അത് പരിഹരിക്കാനാണ് അവരുമായി കൂടി ചർച്ച നടത്തുന്നത്. ഇതിനായുള്ള പണം നാഷണൽ ഹൈവേ അതോറിറ്റിയാണ് അനുവദിക്കേണ്ടതും. അവർ വിസമ്മതിക്കുകയാണെങ്കിൽ സർക്കാറിൻ്റെ റോഡ് സേഫ്റ്റി അതോറിറ്റി വഴി തുക അനുവദിക്കും. മുണ്ടൂരിലെ ദേശീയപാതയിലും നാട്ടുകാർ ഇത്തരം ഒരു പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അത് കെ എസ് ടി പി റോഡാണ്. ഇക്കാര്യവും പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. അവിടെ വേണ്ടത് റൗണ്ടാണോ ഫ്ലക്ചർ ലൈറ്റാണോ തുടങ്ങിയ കാര്യങ്ങൾ അടുത്ത ദിവസങ്ങളിൽ ഉദ്യോഗസ്ഥ പരിശോധനയിലൂടെ തീരുമാനിക്കും. റോഡ് ക്രോസിംഗുകൾക്ക് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുന്നിടത്ത് അത് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു എന്നത് കാണാതിരുന്നുകൂടാ എന്നും മന്ത്രി പറഞ്ഞു.

നാട്ടുകാരും ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ മന്ത്രിയുമായി പങ്കിടുകയും ചെയ്തു.
വാഹനാപകടം നടന്ന സ്ഥലത്തെ വീട്ടുകാരുടെ അഭിപ്രായങ്ങളും കേട്ട ശേഷമാണ് മന്ത്രി മടങ്ങിയത്. റോഡപകടം നടന്ന പ്രദേശത്തെ റോഡിലൂടെ സ്വന്തം കാർ സ്വയം ഡ്രൈവ് ചെയ്താണ് മന്ത്രി റോഡിലെ നിർമ്മാണ പ്രശ്നങ്ങൾ വിലയിരുത്തിയത്. ആർ ടി ഒ , പൊലീസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിരും മന്ത്രിയ്ക്കൊപ്പം നിന്നു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment