ഡിസംബർ – 12
യു എ ഖാദർ
മലയാള സാഹിത്യ ലോകത്തെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമാണ് യു എ ഖാദർ. പത്രാധിപരായും സർക്കാർ ഉദ്യോഗസ്ഥനായും അദ്ദേഹം പ്രവർത്തിച്ചിട്ടുമുണ്ട്. പുരാവൃത്തങ്ങളെ പ്രതിപാദ്യതലത്തിലും പ്രതിപാദനരീതിയിലും പിൻപറ്റുന്ന വ്യത്യസ്തമായ ശൈലിയാണ് അദ്ദേഹം അവലംബിച്ചു കാണുന്നത്. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളുടെ രൂപത്തിൽ ഖാദറിന്റെ രചനകളിൽ തെളിഞ്ഞു കാണാൻ കഴിയും.
നോവലുകൾ, കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ തുടങ്ങി ഒട്ടേറെ കൃതികളുടെ കർത്താവാണ് അദ്ദേഹം . ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം 1984 ൽ ലഭിച്ച തൃക്കോട്ടൂർ പെരുമ, നോവലിന് കേരളസാഹിത്യ അക്കാദമി അവാർഡ് 2001 ൽ ലഭിച്ച അഘോരശിവം, എസ് കെ. പൊറ്റെക്കാട്ട് അവാർഡ് 1993 ൽ നേടിയ കഥ പോലെ ജീവിതം, അബുദാബി ശക്തി അവാർഡ് ലഭിച്ച ഒരു പിടി വറ്റ് എന്ന നോവൽ, 2009ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ തൃക്കോട്ടൂർ നോവെല്ലകൾ എന്നിവയാണ് യു എ ഖാദറിൻ്റെ മുഖ്യകൃതികൾ.
2016 ൽ കേരള സാഹിത്യ പരിഷത്ത് പുരസ്ക്കാരവും 2019ൽ മാതൃഭൂമി സാഹിത്യ പുരസ്‌ക്കാരവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 2020 ഡിസംബർ 12ന് അദ്ദേഹം അന്തരിച്ചു.
