സമൂഹത്തിലെ വിവേചനങ്ങള്‍ക്കെതിരായ പോരാട്ടം തുടരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിലൂടെ എല്ലാം മാറ്റാൻ കഴിയില്ല. വ്യക്തികളുടെ മനോഭാവത്തിൽ ആദ്യം മാറ്റം ഉണ്ടാകണമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
പെരിയാർ സ്മാരകത്തിന്റെ നിർമാണത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചെന്നും നന്ദി അറിയിക്കുന്നതായും സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച കാര്യശേഷിയുള്ള മുഖ്യമന്ത്രിയാണ് പിണറായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈക്കത്ത് നടന്ന സമാപന പരിപാടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു. എം.കെ.സ്റ്റാലിനൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയനും തന്തൈ പെരിയാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഇരു നേതാക്കന്മാരും പെരിയാർ മ്യൂസിയത്തിൽ സന്ദർശനം നടത്തി.
