കോഴിക്കോട് പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ കാർ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന സാബിത് റഹ്മാന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് ഇയാളുടെ ലൈസൻസ് റദ്ദാക്കിയത്. ആൽവിനെ ഇടിച്ച ബെൻസ് ജി വാഗൺ സാബിത് ആണ് ഓടിച്ചിരുന്നത് എന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന ലാൻഡ് റോവർ ഡിഫെൻഡർ കാർ ഓടിച്ചിരുന്ന റയീസിന്‍റെ ലൈസെൻസ് ആറു മാസത്തേക്കും റദ്ദാക്കിയിട്ടുണ്ട്.
ബെൻസ് കാറിന് ഇൻഷുറൻസും കേരളത്തിൽ ടാക്സ് അടച്ചതിൻ്റെ രേഖകളും ഉണ്ടായിരുന്നില്ല. രണ്ട് വാഹനങ്ങളും സ്ഥിരം രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചില്ലെന്നും കണ്ടെത്തി. ഇത്തരം നിയമ ലംഘനങ്ങൾ അന്വേഷിക്കാൻ പ്രതേക സംഘത്തിന് മോട്ടോർ വാഹന വകുപ്പ് രൂപം നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് പ്രകാരം ആയിരിക്കും ആർ സി റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുക
