ആ മണികണ്ഠനല്ല ഈ മണികണ്ഠൻ, ഒറിജിനൽ മണികണ്ഠൻ വേറേ !

At Malayalam
1 Min Read

കുറച്ചു ദിവസം മുമ്പു വന്ന ഒരു പത്ര വാർത്ത ഒരു മലയാള ചലച്ചിത്ര നടനെ സംബന്ധിച്ചായിരുന്നു. അനധികൃത സ്വത്തു സമ്പാദനകേസിൽ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനുo ചലച്ചിത്ര നടനുമായ മണികണ്ഠൻ്റെ വീട്ടിൽ റെയ്ഡു നടത്തി അനധികൃതമായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തു എന്നതായിരുന്നു വാർത്ത. പത്രങ്ങളൊന്നും ഈ പറഞ്ഞ മണികണ്ഠൻ്റെ പടം നൽകിയതുമില്ല. പലരും കരുതിയത് കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ഉൾപ്പെടെ അഭിനയിച്ച മണികണ്ഠൻ എന്നു തന്നെയാണ് ; ‘ആ മണികണ്ഠന് സർക്കാർ ജോലിയുണ്ടായിരുന്നോ? അവനാള് കൊള്ളാമല്ലോ ‘ എന്ന നിലയിൽ പലരും കമൻ്റു ചെയ്യുകയുമുണ്ടായി. പിന്നാലെ ‘അനധികൃത സ്വത്തു സമ്പാദന കേസിൽ നടൻ മണികണ്ഠനെ മോട്ടോർ വാഹന വകുപ്പിൽ നിന്ന് സസ്പെൻ്റു ചെയ്തതായി ‘ വാർത്തയും വന്നു. മലയാളത്തിലെ പത്ര മുത്തശ്ശി എന്നവകാശപ്പെടുന്ന മലയാള മനോരമയും വാർത്ത അടിച്ചു, ഒപ്പം കമ്മട്ടിപ്പാടം ഫെയിം മണികണ്ഠൻ ആചാരിയുടെ പടവും വച്ചു കാച്ചി. ആളുകൾ ഉറപ്പിച്ചു ‘ലെവൻ ഇവൻ തന്നെ’.

കഥ വൈകിയറിഞ്ഞ സാക്ഷാൽ മണികണ്ഠൻ ആചാരി ഞെട്ടി. പിന്നാലെ മനോരമയ്ക്ക് നല്ല നമസ്ക്കാരം പറഞ്ഞു കൊണ്ട് തൻ്റെ സാമൂഹ്യ മാധ്യമത്തിൽ ഒരു പോസ്റ്റുമിട്ടു. വളരെ വേഗം തനിയ്ക്ക് കൊള്ളാവുന്നുള്ള ഒരു ചീത്തപ്പേരു സമ്മാനിച്ച മനോരമക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് നടൻ എന്നുമറിയിച്ചു. തമിഴിൽ താൻ ചെയ്യാനിരിക്കുന്ന പുതിയ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചപ്പോഴാണത്രേ മണികണ്ഠൻ കഥയറിഞ്ഞത്.ആ പടം കൈയീന്ന് പോകാതിരുന്നത് തൻ്റെ മുജ്ജന്മ സുകൃതം എന്നല്ലാതെ എന്തു പറയാൻ.

വാർത്ത കിട്ടി, അറിയാവുന്ന ഒരുത്തൻ്റെ പടമെടുത്തങ്ങടിച്ചു നമ്മുടെ മുത്തശി പത്രം. മുത്തശിക്കെന്ത് എത്തിക്സ് ! സ്ത്രീ പീഡന കേസിൽ പടമടിച്ചില്ലല്ലോ എന്നാശ്വസിക്കാം സാക്ഷാൽ മണികണ്ഠൻ ആചാരിക്ക്. ഇതൊക്കെ കണ്ട് നമ്മുടെ മോട്ടോർ വാഹനം മണികണ്ഠൻ ഇപ്പോൾ ഊറി ചിരിക്കുകയാവും.

Share This Article
Leave a comment