വീട്ടിൽ ചാരായം വാറ്റിയ പ്രതിയെ പിടിയ്ക്കാൻ പോയ എക്സൈസ് ഉദ്യോഗസ്ഥൻ പ്രതിയുടെ വീട്ടിൽ നിന്നും മൊബൈൽ ഫോണും സ്വർണാഭരണവും മോഷ്ടിച്ചതിനു പിടിയിലായി. കൊല്ലം ജില്ലയിലെ ചടയമംഗലം എക്സൈസ് ഓഫിസിൽ ജോലി ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥൻ ഷൈജുവിനെയാണ് മോഷണക്കുറ്റത്തിന് പൊലീസ് പിടികൂടിയത്.
പാങ്ങോട് തെറ്റിമുക്കിലെ വീട്ടിൽ ചാരായം വാറ്റിയ കേസിൽ പ്രതിയായ അൻസാരിയെ കസ്റ്റഡിയിലെടുക്കാനാണ് ഷൈജു അടക്കമുള്ള ഉദ്യോഗസ്ഥർ അൻസാരിയുടെ വീട്ടിലെത്തിയത്. അൻസാരിയെ പിടി കൂടി. കോടതി അൻസാരിയെ 45 ദിവസത്തെ ജയിൽ ശിക്ഷക്കും വിധിച്ചു.
ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ അൻസാരി വീട്ടിലെത്തിയപ്പോഴാണ് കിടപ്പു മുറിയിൽ സൂക്ഷിച്ചിരുന്ന 5 പവൻ തൂക്കമുള്ള സ്വർണമാല, പത്തു ഗ്രാം തൂക്കമുള്ള ലോക്കറ്റ്, മൊബയിൽ ഫോൺ, ടോർച്ച് എന്നിവ കാണാനില്ലെന്ന വിവരമറിയുന്നത്. പൊലിസിൽ പരാതി നൽകിയെങ്കിലും അന്വേഷണം പുരോഗമിച്ചില്ല. ഇതിനിടയിലാണ് നഷ്ടപ്പെട്ട മൊബയിൽ ഫോൺ ആരോ ഉപയോഗിക്കുന്നതായി പൊലിസ് കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് ഷൈജു കുടുങ്ങിയത്.
അൻസാരിയുടെ വീട്ടിൽ ആറ് എക്സൈസ് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനു പോയിരുന്നത്. ഷൈജു ഒഴികെ മറ്റാർക്കും മോഷണത്തിൽ പങ്കില്ലെന്ന് പൊലിസ് പറഞ്ഞു.