വായ്പാ കുടിശ്ശിക ചൂണ്ടിക്കാട്ടി വീടൊഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് തൃശൂര്‍ കാഞ്ഞാണിയില്‍ യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞാണി സ്വദേശി ചെമ്പന്‍ വീട്ടില്‍ വിനയന്റെ മകന് വിഷ്ണു (26) ആണ് ആത്മഹത്യ ചെയ്തത്. ബാങ്കില്‍ നിന്ന് 12 കൊല്ലം മുമ്പ് വീട് വെയ്ക്കാനായി എട്ടുലക്ഷം രൂപ വിഷ്ണുവിന്റെ കുടുംബം വായ്പയെടുത്തിരുന്നു. ഇടയ്ക്ക് തിരിച്ചടവ് മുടങ്ങിയതോടെ കുടിശ്ശികയായി.
ആറു ലക്ഷം രൂപ കുടിശിക വന്നു. ഇതോടെ വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടിരുന്നുവെന്ന് വിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ ബന്ധുവീട്ടിലേയ്ക്ക് മാറാന്‍ നില്‍ക്കുകയായിരുന്നു. അതിനിടെയാണ് വിഷ്ണു കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. പണമടയ്ക്കാന്‍ ബാങ്കില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു.
