മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ ബില്ലിലെ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന കെ എസ് ഇ ബി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ വിജയിച്ചതായി ബോർഡ്. മീറ്റര്‍ റീഡര്‍, റീഡിംഗ് എടുക്കുന്ന പി ഡി എ മെഷീനിലൂടെ ഉപഭോക്താക്കൾക്ക് അനായാസം ബിൽ തുക അടയ്ക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് മുഖേനയോ ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേ റ്റി എം തുടങ്ങിയ ഭാരത് ബിൽ പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആർ കോഡ് സ്കാൻ ചെയ്തോ ബിൽ തുക അടയ്ക്കാൻ കഴിയും. ക്യാഷ് കൗണ്ടറിലെത്തി പണമടയ്ക്കാൻ കഴിയാത്തവർക്കും ഓൺ ലൈൻ പണമടയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ടു നേരിടുന്നവർക്കും വലിയ സഹായമായി പദ്ധതി മാറുമെന്ന് ബോർഡ് പ്രതീക്ഷിക്കുന്നു.കനറാ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പോട്ട് ബില്‍ പേയ്‌മെന്റ് സേവനത്തിന് സര്‍വീസ് ചാര്‍ജോ അധിക തുകയോ നല്‍കേണ്ടതില്ല എന്ന പ്രത്യേകതയുമുണ്ട്. കെ എസ് ഇ ബിയെ സംബന്ധിച്ച് റീഡിംഗ് എടുക്കുന്ന ദിവസം തന്നെ ബില്‍ തുക ലഭ്യമാകും എന്ന ഗുണവുമുണ്ടാകും. നവംബര്‍ 15 മുതല്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ഉപഭോക്താക്കളുടെ തല്പര്യത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് കെ എസ് ഇ ബി ലക്ഷ്യമിടുന്നത് എന്നറിയുന്നു.