ശബരിമല പതിനെട്ടാം പടിയിൽ നിന്ന്, ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. മന:പൂര്‍വ്വമല്ലെങ്കിലും അത് അംഗീകരിക്കാനാകില്ലെന്നും കോടതി. ശബരിമലയില്‍ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ പൊലീസ് ചെയ്യുന്നുണ്ടെന്നും അതിൽ ഭക്തരുടെ സുരക്ഷിത തീർത്ഥാടനത്തിനാണ് പൊലീസ് പ്രാധാന്യം നൽകുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ ഇത്തരം നടപടികൾ അനുവദിക്കാനുമാകില്ല. മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ ആചാരമല്ലെന്നും അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. 74,463 പേർ ഇന്നലെ ശബരിമലയിൽ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
പതിനെട്ടാം പടിയിൽ ഫോട്ടോഷൂട്ട് നടത്തിയ പൊലീസുകാര്‍ക്കെതിരെ ഇന്നലെ നടപടി സ്വീകരിച്ചിരുന്നു. അച്ചടക്കലംഘനം നടത്തിയെന്ന് കാട്ടിയാണ് 23 പൊലീസുകാരെ കണ്ണൂർ കെ എ പി – 4 ക്യാമ്പിലേക്ക് നല്ല നടപ്പ് പരിശീലനത്തിനയച്ചത്. ഡ്യൂട്ടിയിലുിണ്ടായിരുന്ന പൊലീസുകാർ പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞ് നിന്ന് ഫോട്ടോ എടുത്തത് ഗുരുതര വീഴ്ചയെന്നാണ് സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ ഇ ബൈജുവിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ ചുമതലയുള്ള എ ഡി ജി പി എസ് ശ്രീജിത്ത് പൊലീസുക്കാര്‍ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തതത്.
തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ 23 പൊലീസുകാരെയാണ് കണ്ണൂർ കെ എ പി നാലിലേക്ക് അയച്ചത്. തീവ്ര പരിശീലനം നൽകാനാണ് എ ഡി ജി പി നിർദേശം നൽകിയിരിക്കുന്നത്. നടപടിയുടെ ഭാഗമായുള്ള പരിശീലനത്തിന്റെ കാലാവധി നിശ്ചയിച്ചിട്ടില്ല. നല്ല നടപ്പ് പരിശീലന കാലത്ത് പരിമിതമായ അവധി മാത്രമേ നൽകൂ. പൊലീസുകാരുടെ വീഴ്ചക്കെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി എടുത്തത്.
