വൻ വാർത്താ പ്രാധാന്യം നേടിയ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവത്തിൽ ഭർത്താവ് രാഹുലിനെതിരെ പൊലീസിൽ യുവതി പുതിയ പരാതി നൽകി. രാഹുൽ മർദിച്ചുവെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പന്തീരാങ്കാവ് പൊലീസിലാണ് യുവതി പരാതി നൽകിയത്. നിലവിൽ യുവതിയുടെ ഭർത്താവായ രാഹുൽ പൊലീസ് കസ്റ്റഡിയിലാണ്.
നേരത്തെ, പരാതിയില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവതി പൊലീസെത്തിയപ്പോഴാണ് പരാതിയില്ലെന്ന് പറഞ്ഞത്. ഇതിനു പിന്നാലെ പരാതിയുണ്ടെന്നും പൊലീസിൽ പരാതി നൽകുമെന്നും വ്യക്തമാക്കി യുവതിയുടെ അച്ഛൻ രംഗത്തു വന്നു. ഇന്നലെ രാത്രിയാണ് യുവതിയെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. പരാതി ഇല്ലെന്നാണ് ഇന്നലെ മുതൽ യുവതി പറഞ്ഞിരുന്നതും. മാതാപിതാക്കളോടൊപ്പം സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങി പോകണമെന്നും ഭർത്താവിൻ്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന തൻ്റെ വിവിധ സർട്ടിഫിക്കറ്റുകൾ എടുക്കാൻ സഹായിക്കണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. മുമ്പും മർദനമേറ്റിട്ട് പല തവണ പരാതി ഉണ്ടെന്നും ഇല്ലെന്നും യുവതി മാറ്റി പറഞ്ഞത് നിയമ നടപടി സ്വീകരിക്കുന്നതിൽ പൊലിസിനും ആശങ്ക ഉണ്ടാക്കിയിരുന്നു.
