81 ഗ്രാം എം ഡി എം എയുമായി പ്രാദേശിക കോൺഗ്രസ് നേതാവും സുഹൃത്തും പിടിയിലായി. കൊല്ലം ജില്ലയിലെ അഞ്ചലിലെ കോൺഗ്രസ് നേതാവും ഓട്ടോ ഡ്രൈവറുമായ കോട്ടവിള ഷിജുവും സുഹൃത്ത് അഞ്ചൽ ഏറം സ്വദേശി സാജനുമാണ് കൊല്ലം ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. മാരക ലഹരി രാസപദാർത്ഥമായ എം ഡി എം എയാണ് ഇവർ വില്പനയ്ക്കായി ഓട്ടോയിൽ കടത്തിക്കൊണ്ടു പോയത്.
ഡാൻസാഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഷിജുവിൻ്റെ ഓട്ടോയിൽ നടത്തിയ പരിശോധനയിൽ നാലു ഗ്രാം എം ഡി എം എ കണ്ടെത്തിയിരുന്നു. തുടർന്ന് ചോദ്യം ചെയ്തതോടെ സുഹൃത്തായ സാജൻ്റെ വീട്ടിൽ മയക്കു മരുന്ന് ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. പിന്നാലെ അതും കണ്ടെടുക്കുകയായിരുന്നു.
കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റായിരുന്ന ഷിജുവിന് മയക്കു മരുന്ന് നൽകുന്ന ഏജൻ്റിനു വേണ്ടിയുള്ള തെരച്ചിൽ വ്യാപകമാക്കിയതായി പൊലീസ് അറിയിച്ചു.
