ട്രെയിനിടിച്ച് മരിച്ചത് തൻ്റെ മകളെന്ന് തെറ്റിദ്ധരിച്ച് ഓടിയെത്തിയ അധ്യാപകൻ സംഭവ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് ജില്ലയിലെ കറുകയിൽ കുറ്റിയിൽ വിരമിച്ച അധ്യാപകനായ രാജനാണ് മരിച്ചത്. അദ്ദേഹത്തിന് 73 വയസായിരുന്നു. യഥാർത്ഥത്തിൽ ട്രെയിൻ അപകടത്തിൽപ്പെട്ടു മരിച്ചത് പാലോളിപ്പാലം സ്വദേശി ഷർമിളയാണ്. മരിച്ച രാജൻ്റെ മകളുടെ പേര് ഷർമ്യ എന്നാണ്. പേരിലെ ഈ സാമ്യതയാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയത്.
ഇന്നലെ വൈകീട്ട് ഏഴു മണിക്കാണ് വടകര പുതുപ്പണം പാലോളിപ്പാലത്ത് വച്ച് സ്ത്രീയെ ട്രെയിനിടിച്ചത്. കുടുംബശ്രീ യോഗത്തിനു ശേഷം മടങ്ങിയ ഷർമിളയാണ് ട്രെയിൻ തട്ടി മരിച്ചത്. ലോക്കോമോട്ടിവ് പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് പൊലിസും ആർ പി എഫും ചേർന്ന് ഷർമിളയുടെ മൃതദേഹം കണ്ടെടുത്തു. പാലോളിപ്പാലം സ്വദേശിയാണ് 47 കാരിയായ ഷർമിള .
