റോഡിലെ കാൽനടയാത്രക്കാരായ സ്ത്രീകളോട്, ഇരു ചക്രവാഹനത്തിലെത്തി വഴി ചോദിക്കുന്നു. അവരുടെ കഴുത്തിലെ മാല പെട്ടിച്ച് അതിവേഗം രക്ഷപ്പെടുന്നു. ഇത്തരം കള്ളൻമാർ ധാരാളമാണ് ഇക്കാലത്ത് , ഇത്തരം സംഭവങ്ങളും നിത്യേന നടക്കുന്നുമുണ്ട്. ഇക്കൂട്ടത്തിൽ ഒരു വിരുതനെ ഇന്നലെ കോതമംഗലത്ത് പൊലിസ് പൊക്കി.
സിനു കുട്ടപ്പൻ എന്ന സ്റ്റൈലൻ പേരൊക്കെയുള്ള കള്ളൻ്റെ മോഷണ ശ്രമം പാളിപ്പോയതാണ് കക്ഷി അകത്താവാൻ കാരണം. ഒരു വീട്ടമ്മയുടെ അടുത്ത് ഇതേ അടവുമായെത്തി, അവർ കരുതലോടെയാണ് വഴി പറഞ്ഞു കൊടുക്കാൻ നിന്നത്. പതിവുപോലെ മാലയിൽ പിടിച്ചു, വീട്ടമ്മ തിരികെ പിടിച്ചു, പിടിവലിയായി, അവർ ഉറക്കെ നിലവിളിച്ചു, നാട്ടുകാർ കൂടി. പക്ഷേ സിനു കുട്ടപ്പൻ രക്ഷപ്പെട്ടു. വീട്ടമ്മ കല്ലെടുത്ത് ഒരു ഏറും കൊടുത്തു. ഏറു ശരിക്കുമേറ്റു.
കുഴപ്പം അതല്ല, ദൃശ്യങ്ങൾ സമീപത്തുള്ള സി സി ടി വിയിൽ നല്ല എച് ഡി ദൃശ്യ മികവോടെ തന്നെ കിട്ടി. പൊലിസിന് പണി എളുപ്പമായി, അടുത്ത സീനിൽ സിനു കുട്ടപ്പൻ അഴിക്കുള്ളിലായി . കോതമംഗലം പൊലിസ് കള്ളനെ റിമാൻ്റിലാക്കിയിരിക്കുകയാണ്.
