സംസ്ഥാനത്തെ രണ്ട് ഐ എ എസ് ഓഫിസർമാർ തമ്മിൽ പൊരിഞ്ഞ അടി. മുതിർന്ന ഐ എ എസ് ഓഫിസർ ഡോ : ജയതിലകിൻ്റെ ഫോട്ടോ സഹിതം ഫെയ്സ്ബുക്കിലിട്ട് അതിരൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത് പഴയ കളക്ടർ ബ്രോ എൻ പ്രശാന്താണ്. തനിക്കെതിരെ മാതൃഭൂമി പത്രത്തിന് മുടങ്ങാതെ വാർത്ത നൽകുന്ന ‘സ്പെഷ്യൽ റിപ്പോർട്ടർ’ എന്നാണ് ജയതിലകിനെ പ്രശാന്ത് എഫ് ബിയിൽ കളിയാക്കിയിരിക്കുന്നത്.
അടുത്ത ചീഫ് സെക്രട്ടറി എന്നു സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് ആക്ഷേപിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് പൊതുജനം അറിയേണ്ടുന്ന ചിലത് താൻ വെളിച്ചത്തു കൊണ്ടുവരുമെന്നും സർക്കാർ ഫയലുകൾ ഇങ്ങനെ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നറിയാമെന്നും പ്രശാന്ത് പറയുന്നു. വിവരാവകാശ പ്രകാരം ജനങ്ങൾക്ക് അറിയാവുന്നവ മാത്രമേ താൻ വെളിപ്പെടുത്തു. വേറെ വഴി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും പ്രശാന്ത്. തുടർന്നുള്ള ദിവസങ്ങളിൽ ഇത് പ്രതീക്ഷിക്കാം.
കോഴിക്കോട് കളക്ടറായിരുന്നപ്പോൾ രാഘവൻ എം പിയുമായി കോർത്ത് പുറത്തുപോയ ഉദ്യോഗസ്ഥനാണ് പ്രശാന്ത്. മാപ്പ് പറയണം എന്ന എം പി യുടെ ആവശ്യത്തിന് എഫ് ബിയിൽ കുന്നംകുളത്തിൻ്റെ മാപ് ഇട്ടത് വലിയ വിവാദമായിരുന്നു.