കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കൂടുതൽ അധിക ചുമതലകൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിലെ പ്രതിനിധി സംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തി. മാത്രമല്ല പാർലമെൻ്റ് സമ്മേളനത്തിലെ മസ്‌റ്ററിംഗ് ചുമതലയും സുരേഷ് ഗോപിയെ നേരിട്ട് വിളിപ്പിച്ച് പ്രധാനമന്ത്രി ഏൽപ്പിക്കുകയായിരുന്നു. ഇതോടെ സുരേഷ് ഗോപിയുടെ തുടർന്നുള്ള സിനിമാ മോഹങ്ങൾക്ക് ഏകദേശം വഴിയടഞ്ഞ അവസ്ഥയിലായി. കേരളത്തിലെ വഖഫ് വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷിനോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു.
സിനിമാ അഭിനയത്തിനു പോകുമ്പോൾ ഉദ്യോഗസ്ഥരെ കൂടെ കൊണ്ടു പോയി ഭരണപരമായ കാര്യങ്ങൾ നോക്കാം എന്ന് സുരേഷ് ഗോപി ചോദിച്ചു നോക്കിയെങ്കിലും പ്രധാനമന്ത്രിയും അമിത്ഷായും അതിനുള്ള അനുമതി നൽകിയില്ല. സുരേഷ് ഗോപിയുടെ ഓഫിസിൽ മുഴുവൻ സ്റ്റാഫുകളെയും അടിയന്തരമായി നിയമിക്കാനും നിർദേശം നൽകി.
സിനിമാഭിനയത്തിൽ മന്ത്രിമാരുടെ പെരുമാറ്റ ചട്ടം ലംഘിക്കാനാവില്ലന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചു. പണം സമ്പാദിക്കുന്ന മറ്റു മാർഗങ്ങളിൽ ഇടപെടാൻ മന്ത്രിമാർക്ക് തടസമുണ്ട്. മാത്രമല്ല സുരേഷിനോട് പഴയ പോലെ സൗഹാർദ്ദമായ സമീപനമല്ല പ്രധാനമന്ത്രി എടുത്തതെന്ന വിവരവും ഡെൽഹിയിൽ നിന്നുണ്ട്. സുരേഷ് ഗോപിയുടെ സമീപകാല പ്രവർത്തനങ്ങളിലും പ്രസ്താവനകളിലും കടുത്ത അമർഷവും പ്രതിഷേധവും സർക്കാരിനും ബി ജെ പി നേതൃത്വത്തിനുമുണ്ടായതാണ് സുരേഷിന് വിനയായതും.
