കേരളത്തിലേക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി എത്തിച്ച ഹവാല പണം ആ പാർട്ടിക്ക് ഈ ഉപതെരഞ്ഞെടുപ്പു സമയത്ത് വൻ തലവേദനയാകുന്നു. പൊലിസ് അന്വേഷണ റിപ്പോർട്ടിൽ, ഇത്തരത്തിൽ 41 കോടി രൂപയാണ് ബി ജെ പി കടത്തിയതെന്നാണുള്ളത്. കർണാടകയിൽ നിന്നാണ് പണം എത്തിയതന്നും റിപ്പോർട്ടിൽ പറയുന്നു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് ധർമ്മരാജൻ വഴിയാണ് ഹവാല പണം കേരളത്തിലേക്ക് എത്തിയതത്രേ. തുക കേരളത്തിൽ ബി ജെ പിയുടെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാൻ വേണ്ടിയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
2021 ൽ തന്നെ അസിസ്റ്റൻ്റ് കമ്മിഷണർ വി കെ രാജു അന്വേഷണം നടത്തി കണ്ടെത്തിയ വിവരങ്ങൾ റിപ്പോർട്ടാക്കി കേരള പൊലിസ് ഇ ഡി യ്ക്ക് കൈമാറിയിരുന്നു. കർണാടകയിൽ നിന്നും 15 കോടിയോളം രൂപ എത്തിയപ്പോൾ 27 കോടി വിവിധ ഹവാല മാർഗങ്ങളിലൂടെയാണ് സംസ്ഥാനത്ത് എത്തിച്ചത്. ഇതിൽ 7 കോടി 90 ലക്ഷം രൂപയാണ് കൊടകരയിൽ വച്ച് കൊള്ള ചെയ്യപ്പെട്ടതെന്ന് പറയുന്നു. 33.5 കോടി രൂപ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി വിവിധ മണ്ഡലങ്ങളിൽ വിതരണം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ, ബി ജെ പി സംഘടനാ സെക്രട്ടറിയായ ഗണേശൻ, ഓഫിസ് സെക്രട്ടറിയായ ഗിരീശൻ നായർ എന്നിവരാണ് പണം കൈകാര്യം ചെയ്തിരിക്കുന്നത്. ഈ വിവരങ്ങൾ പൊലിസ് അന്വേഷണ സംഘത്തിനു കൈമാറിയത് കള്ളപ്പണ ഇടപാടുകളുടെ സൂത്രധാരനായ ധർമ്മരാജനാണ്.
ബി ജെ പി യുടെ മുൻ ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശനും ഇതു ശരിവയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. നേരത്തേ ഇതുമായി ബന്ധപ്പെട്ട് താൻ നൽകിയ മൊഴി നേതാക്കൾ പറഞ്ഞു പഠിപ്പിച്ചതാണെന്നും സത്യം താൻ ഇനി മുഴുവൻ പുറത്തു പറയുമെന്നുമാണ് സതീശൻ ഇപ്പോൾ പറയുന്നത്.