പ്രദേശവാസികളുടെ നിരന്തരമായ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി കൊട്ടാരക്കര ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്ന നടപടികൾ പുരോഗമിക്കുന്നതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കൊട്ടാരക്കരയില്‍ നവീകരിച്ച കരിക്കം – അപ്പര്‍ കരിക്കം – ഓലിയില്‍ മുക്ക് – ഈയ്യംകുന്ന് റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
300 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണെങ്കിലും പൊതുജനങ്ങളുടെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നു തന്നെയാണ് സർക്കാർ നിലപാട്. ഇതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ബൈപാസ് വരുന്നതോടെ കമ്പോള നിലവാരം, മെച്ചപ്പെട്ട ഗതാഗത സൗകര്യം തുടങ്ങി കൊട്ടാരക്കരയുടെ പ്രാദേശിക വികസനത്തിനും വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
കൊട്ടാരക്കര നഗരസഭയിലെ പ്രധാനപ്പെട്ട റോഡായ കരിക്കം – അപ്പർ കരിക്കം – ഓലിയിൽ മുക്ക് – ഈയ്യംക്കുന്ന് റോഡ് ( കടലാവിള – ചാങ്ങയിൽ ഭാഗം ഉൾപ്പെടെ) 9.5 കോടി ചെലവിൽ ആധുനിക രീതിയിൽ ബി എം ആൻഡ് ബി സി പ്രകാരമാണ് നവീകരണം പൂർത്തിയാക്കിയത്.
ഈയ്യംകുന്ന് ജങ്ഷനില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ എസ് ആര്‍ രമേശ് അധ്യക്ഷനായി.
