ശബരിമലയിൽ പുതിയ സൗകര്യങ്ങളെന്ന് മുഖ്യമന്ത്രി

At Malayalam
1 Min Read

 മണ്ഡല – മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ പുതിയ സൗകര്യങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ ഗസ്റ്റ്ഹൗസുകൾ നിർമ്മിച്ചുവരികയാണെന്നും നിലയ്ക്കലിൽ രണ്ടായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയതായും ഭക്തർക്ക് അരവണ സുഗമമായി ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് അങ്കണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടേയും സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങളുടേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്പൂർണ ഡിജിറ്റൈസേഷൻ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി.

ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പൂർത്തിയാക്കാനായി. ഇതിന്റെ പ്രവർത്തനങ്ങളിൽ ജീവനക്കാരും പ്രധാന പങ്ക് വഹിച്ചു. ഇതിലൂടെ ബോർഡിന് കൂടുതൽ മികവോടെ കാര്യക്ഷമമായി പ്രവർത്തിക്കാനാകും. വിവരങ്ങൾ കൃത്യമായി എല്ലാവരിലും എത്തിക്കാൻ ഡിജിറ്റൈസേഷൻ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിൽ കിഫ്ബി പദ്ധതിയിലൂടെ 130 കോടിരൂപ ചെലവിട്ട് നാല് ഇടത്താവളങ്ങൾ സർക്കാർ നടപ്പാക്കിവരികയാണെന്ന് അദ്ധ്യക്ഷനായിരുന്ന ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. യാത്രാ സൗകര്യം, ആരോഗ്യപരിപാലനം, ദാഹജലം, വൈദ്യുതി, പാർക്കിംഗ്, പൊലീസ് സേവനം  ഉൾപ്പെടെ വിപുലമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായി നിരന്തരം ചർച്ച നടത്തി അവലോകനയോഗങ്ങൾ സംഘടിപ്പിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വയനാടിനുള്ള സഹായമായി ഒരു കോടി രൂപ ചടങ്ങിൽ മുഖ്യമന്ത്രിക്ക് കൈമാറി. ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, വി കെ പ്രശാന്ത് എം എൽ എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോർഡ് അംഗങ്ങളായ എ അജികുമാർ, ജി സുന്ദരേശൻ, കവി വി മധുസൂദനൻ നായർ, ദേവസ്വം ബോർഡ് ഐ ടി ഉപദേശകനും ഫോറൻസിക് വിദഗ്ധനുമായ ഡോ പി വിനോദ് ഭട്ടതിരിപ്പാട്, സെക്രട്ടറി എസ് ബിന്ദു, മുൻ പ്രസിഡന്റ് പത്മകുമാർ, ചീഫ് എൻജിനീയർ രഞ്ജിത്ത് കെ ശേഖർ, ദേവസ്വം കമ്മീഷണർ  സി വി പ്രകാശ്, ജീവനക്കാരുടെ സംഘടനാ പ്രസിഡന്റ് എസ് പി പ്രജിത്ത് കുമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. 

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment