കണ്ണൂർ ജില്ലാ കളക്ടറേറ്റിലെ അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേട്ട് (എ ഡി എം) നവീൻ ബാബു താമസ സ്ഥലത്ത് മരിച്ച നിലയിൽ. പള്ളിക്കുന്നിലെ വീട്ടിൽ തുങ്ങി മരിച്ചു നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീൻ ബാബുവിന് ഇന്നലെ യാത്ര അയപ്പു നൽകിയിരുന്നു. യാത്ര അയപ്പു ചടങ്ങു നടക്കവേ വേദിയിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ക്ഷണിക്കപ്പെടാതെ വരികയും നവീൻ ബാബുവിനെതിരെ അതിരൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തതായി പറയുന്നു.
കണ്ണൂർ ചെങ്ങളായിയിൽ പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു അഴിമതി നടത്തിയതായി പി പി ദിവ്യ ആരോപിച്ചു. പമ്പിന് അനുമതി നൽകുന്നത് ബോധപൂർവം എ ഡി എം മാസങ്ങളോളം വൈകിപ്പിച്ചതായും സ്ഥലം മാറ്റം കിട്ടിയപ്പോഴേക്കും രണ്ടു ദിവസം മുമ്പ് അനുമതി നൽകിയതായും ദിവ്യ പറഞ്ഞു. ഇപ്പോൾ എങ്ങനെയാണ് അനുമതി നൽകിയതെന്ന് തനിക്കറിയാമെന്നും രണ്ടു ദിവസത്തിനുള്ളിൽ വിവരങ്ങൾ തുറന്നു പറയുമെന്നും പി പി ദിവ്യ പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസംഗിച്ചത്.
ആരോപണം ഉന്നയിച്ച ശേഷം നവീൻ ബാബുവിന് ഉപഹാരം നൽകുന്ന ചടങ്ങിൽ നിൽക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ദിവ്യ വേദി വിട്ടു പോവുകയും ചെയ്തതായി പറയുന്നു. ഇന്ന് രാവിലെ പത്തനംതിട്ടയിൽ പോകുന്നതിനായി നവീൻ ബാബു ട്രെയിനിൽ കയറിയിട്ടില്ലെന്ന് കണ്ട് ബന്ധുക്കൾ വിവരമറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് താമസസ്ഥലത്തെ മുറിയ്ക്കുള്ളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്.