സംവിധായകനും സഹായിയും ചേർന്ന് തന്നെ മാനഭംഗപ്പെടുത്തിയതായി സഹ സംവിധായികയായ യുവതി പൊലിസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം മരട് പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. സംവിധായകൻ സുരേഷ് തിരുവല്ല, സുരേഷിൻ്റെ സഹായിയായ വിജിത്ത് എന്നിവർക്കെതിരെയാണ് മാവേലിക്കര സ്വദേശിയായ യുവതി പരാതി നൽകിയിരിക്കുന്നത്.
സിനിമയിൽ അവസരം നൽകാമെന്നും വിവാഹം ചെയ്തോളാമെന്നു വാഗ്ദാനം നൽകിയുമാണ് തന്നെ ഉപദ്രവിച്ചതെന്ന് പരാതിക്കാരി പറയുന്നു. വിജിത്ത് സിനിമാ രംഗത്തെ സെക്സ് റാക്കറ്റിൻ്റെ കണ്ണിയാണെന്നും യുവതി മരട് പൊലിസിൽ ഇന്നലെ നൽകിയ പരാതിയിൽ പറയുന്നു. സംവിധായകനായ സുരേഷ് തിരുവല്ല തൻ്റെ സിനിമയിൽ അവസരം നൽകാമെന്ന് പറയുകയും ചെന്നു കാണാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും കണ്ടപ്പോഴാണ് മോശം അനുഭവം ഉണ്ടായതെന്നും പരാതിയിൽ പറയുന്നുണ്ട്.
വിജിത്ത് തൻ്റെ സുഹൃത്തായിരുന്നന്നും അയാൾ പറഞ്ഞതനുസരിച്ചാണ് സുരേഷിനെ കണ്ടതെന്നും വിജിത്ത് വിവാഹ വാഗ്ദാനം നൽകി പല തവണ തന്നെ ഉപദ്രവിച്ചതായും യുവതി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മരട് പൊലിസ് എഫ് ഐ ആർ രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഇത്തരം കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കേസ് കൈമാറുമെന്നും പൊലിസ് അറിയിച്ചു.