ഇനിയില്ല കീരിക്കാടൻ ജോസും ചെങ്കളം മാധവനും

At Malayalam
2 Min Read

സ്വന്തം പിതാവിനെ തെരുവിലിട്ട് പട്ടിയെ തല്ലുന്നതു കണ്ടു നിൽക്കാൻ സേതു മാധവനാകുന്നില്ല. അയാൾ ഓടിച്ചെന്ന് അയാളെ ചവിട്ടിയെങ്കിലും ആറടിയിലധികം ഉയരവും ഒത്ത ശരീരവുമുള്ള കീരിക്കാടൻ ജോസിൻ്റെ ഒരു കൈയ്ക്കുള്ളിൽ ഒതുങ്ങാനില്ലായിരുന്നു സേതു മാധവൻ. കയ്യിൽ തൂക്കിയെടുത്ത് തലങ്ങും വിലങ്ങും തല്ലി തകർത്ത് അയാൾ സേതു മാധവനെ കടയുടെ ഓരത്തേക്ക് വലിച്ചെറിഞ്ഞു. പിന്നെ ഇടിച്ചു തകർത്തിട്ടിരുന്ന അച്യുതൻ നായരെ ( സേതുമാധവൻ്റെ അച്ഛനെ) വാരിയെടുത്തിട്ട് വീണ്ടും ഇടിയ്ക്കാൻ തുടങ്ങി. നിറഞ്ഞ തിയറ്റർ സ്തംബ്ധമാണ്. അലറി വിളിച്ച് പൊട്ടിത്തെറിച്ച് കൊടുങ്കാറ്റു പോലെ രൗദ്രഭാവം ആടി തകർക്കുകയാണ് കീരിക്കാടൻ ജോസ് എന്ന പക്കാ ക്രിമിനൽ. കയ്യിൽ കിട്ടിയ ഇരുമ്പു വടിയുമായി അയാളുടെ നേർക്ക് കുതിച്ച സേതു മാധവൻ കീരിക്കാടൻ്റെ നെറുക അടിച്ചുപൊട്ടിക്കുന്നു.

ചോര ചിതറി തെറിക്കുന്ന തലയിൽ ഇരു കൈ കൊണ്ടും അമർത്തി പിടിച്ച് സേതുവിൻ്റെ നേരെ സ്ക്രീൻ നിറഞ്ഞ് ക്രൗര്യം തിളയ്ക്കുന്ന കണ്ണുകളോടെ പാഞ്ഞടുക്കുന്ന കീരിക്കാടൻ്റെ മുഖം കണ്ടവർ അത് ഒരിക്കലും മറക്കില്ല. പിന്നെ അടിയുടെ പൂരം. കീരിക്കാടന് കിട്ടുന്ന ഓരോ അടിയിലും, നിറഞ്ഞ തിയറ്ററുകൾ പൊട്ടിത്തെറിക്കുന്ന ആഹ്ളാദരവങ്ങളിൽ മുങ്ങിപ്പോയി. കേവലം നാലേ നാലു മിനിറ്റുകൾ കൊണ്ട് കീരിക്കാടനെ ആളുകൾ വെറുപ്പു കൊണ്ട് മൂടിക്കളഞ്ഞു. മോഹൻരാജ് എന്ന നടൻ, അറിയാതെ മലയാളി മനസിൽ കീരിക്കാടൻ ജോസായി മാറുന്ന മാന്ത്രിക വിദ്യ അവിടെ സംഭവിച്ചു കഴിഞ്ഞിരുന്നു, വിധിയുടെ നിയോഗം പോലെ, ആ പേരിൽ തന്നെ ആ കലാകാരൻ അറിയപ്പെടാനും തുടങ്ങി.

യാദൃശ്ചികമായി സിനിമയിലെത്തിയതാണ് മോഹൻ രാജ്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയായ മോഹൻ രാജ് തിരുവനന്തപുരം ഗവ: ആർട്സ് കോളജിൽ പഠിക്കുമ്പോൾ സ്പോർട്സ് താരമായിരുന്നു. ആ കെയർ ഓഫിൽ സൈന്യത്തിലെത്തി. ഒരു അപകടത്തിൽപ്പെട്ട് കാലുകൾക്ക് പരിക്കു പറ്റുന്നു. പിന്നെ സൈനിക സേവനം വിട്ട് നാട്ടിലേക്കു മടക്കം. പിന്നാലെ കസ്റ്റംസിൽ ഉദ്യോഗസ്ഥനാകുന്നു. വൈകാതെ എൻഫോഴ്സ്മെൻ്റിൽ ജോലി ആരംഭിച്ചു.

എൻഫോഴ്സ്മെൻ്റ് ഓഫിസറായി ചെന്നൈയിൽ ജോലി ചെയ്യുമ്പോൾ യാദൃശ്ചികമായി ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നു – കഴുമലൈ കള്ളൻ. ഒരു സിനിമ കൂടി കിട്ടി, അതും തമിഴ് തന്നെ – ആൺകളെ നമ്പാതെ.

- Advertisement -

എ കെ ലോഹിതദാസ് – സിബി മലയിൽ – മോഹൻലാൽ ചിത്രം കിരീടത്തിൻ്റെ ഷൂട്ടിംഗ് തുടങ്ങാറായപ്പോൾ, ചിത്രത്തിലെ പ്രധാന വില്ലനായ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കണ്ടുവച്ച നടന് എന്തോ അസൗകര്യം. സംവിധായകൻ കലാധരനാണ് ആ സമയത്ത് മോഹൻ രാജിനെ സിബി മലയിലിന് പരിചയപ്പെടുത്തിക്കൊടുത്തത്. ഒറ്റ നോട്ടത്തിൽ കീരിക്കാടനെ അവർക്കിഷ്ടമാകുന്നു. പിന്നെല്ലാം ചരിത്രം.

എൻഫോഴ്സ്മെൻ്റിൽ ജോലി ചെയ്തിരുന്ന മോഹൻരാജ് കേന്ദ്ര സർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് സിനിമയിൽ അഭിനയിച്ചത്. അത് അദ്ദേഹത്തിന് പണിയായി. കയ്യോടെ സസ്പെൻഷൻ കിട്ടി, കേസായി. നീണ്ട രണ്ടു പതിറ്റാണ്ടുകാലം കേസ് പറഞ്ഞു. ഒടുവിൽ അനുകൂലമായി വിധി വന്നു. വകുപ്പിനോട് സലാം പറഞ്ഞ് തിരിഞ്ഞു നടന്നു.

ആറാം തമ്പുരാനിലെ ചെങ്കളം മാധവനായി മോഹൻ രാജ് നിറഞ്ഞാടിയപ്പോൾ മോഹൻലാൽ എന്ന പ്രതിഭാസത്തിന് കട്ടയ്ക്ക് പിടിക്കാൻ പറ്റിയ വില്ലനായി അയാൾ മാറി. മിമിക്സ് പരേഡ്, ആമിനാ ടെയ്ലേഴ്സ്, കനൽക്കാറ്റ്, മറുപുറം, ചെങ്കോൽ, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മോഹൻരാജ് അരങ്ങൊഴിയുമ്പോൾ ലക്ഷണം തികഞ്ഞ ഒരു വില്ലൻ നടനെ കൂടി മലയാള സിനിമയ്ക്ക് നഷ്ടമാവുകയാണ്. മോഹൻ രാജിന് പ്രണാമം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment