ആധുനിക കാലത്ത് മോഷണവും പുതിയ പുതിയ മേച്ചിൽ പുറങ്ങളും പുതിയ ആശയങ്ങളും തേടുന്നു എന്ന് മനസിലാക്കുന്നത് ഇനിയങ്ങോട്ട് ജീവിക്കാൻ സഹായിക്കും. തൻ്റെ അടിവസ്ത്രത്തിൻ്റെ ബട്ടൺ പൊട്ടിപ്പോയെന്നും അത് ശരിയാക്കാനുള്ള സൗകര്യം ചെയ്തു തരണമെന്നും ആവശ്യപ്പെട്ടാണ് വയനാട് ജില്ലയിലെ കൽപ്പറ്റ കേണിച്ചിറയിൽ പ്രവർത്തിക്കുന്ന ഒരു തുണിക്കടയിൽ 22 വയസു പ്രായമുള്ള യുവതി എത്തുന്നത്. സ്ഥാപന ജീവനക്കാർ സൗകര്യം ചെയ്തു കൊടുത്തു. അകത്തു പോയ യുവതി ‘ ബട്ടൺ ശരിയാക്കി ‘ സ്ഥാപന ജീവനക്കാർക്ക് നന്ദിയും പറഞ്ഞ് പോവുകയും ചെയ്തു.
കടയിലെ ജീവനക്കാരി, അകത്ത് തൻ്റെ ബാഗിൽ സൂക്ഷിച്ചിരുന്ന 9,000 രൂപ കാണാനില്ലെന്ന് 10 മിനിറ്റ് കഴിഞ്ഞാണ് മനസിലാക്കുന്നത്. ബാങ്കിൽ ലോൺ അടയ്ക്കാൻ സൂക്ഷിച്ചിരുന്ന പണമാണ് അടിവസ്ത്രത്തിലെ ബട്ടൺ ശരിയാക്കിയ കൂട്ടത്തിൽ യുവതി കൊണ്ടുപോയത്. കേണിച്ചിറ പൊലിസെത്തിയപ്പോഴാണ് ഒരു മെഡിക്കൽ ഷോപ്പിലും സമാനമായ രീതിയിൽ യുവതി എത്തി പണം കവർന്നു എന്ന് അറിയുന്നത്.
സി സി ടി വി ദൃശ്യങ്ങൾ രണ്ടു സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച പൊലിസ് നീണ്ട അന്വേഷണത്തിനൊടുവിൽ യുവതിയെ പിടി കൂടി. വയനാട് സുൽത്താൻബത്തേരി നെന്മേനി അറക്കൽ വീട്ടിൽ 22 വയസുള്ള മുംതാസാണ് സൂത്രക്കാരിയായ ഈ മോഷ്ടാവ്. സമാന അടിവസ്ത്ര കഥയിൽ പല സ്ഥലങ്ങളിലും യുവതി മോഷണം നടത്തിയതായാണ് വിവരം. പൊലിസ് വിശദമായ അന്വേഷണം നടത്തുകയാണ്.