ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിന്റെ മകൻ്റെ സുഹൃത്തുക്കളെ കസ്‌റ്റഡിയിൽ കൊണ്ടുപോയി ചോദ്യം ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു. സിദ്ദിഖിനെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്ത് നോട്ടിസ് നൽകി വിട്ടയച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കൊച്ചിക്കാരായ പോൾ ജോയി, നദീർ ബെക്കർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരും സിദ്ദിഖിൻ്റെ മകൻ ഷഹീനിൻ്റെ അടുത്ത സുഹൃത്തുക്കളാണ്. സിദ്ദിഖിന് ഉപയോഗിക്കാനായി കൂടുതൽ സിം കാർഡുകൾ എത്തിച്ചതും ഇൻ്റർനെറ്റ് ഉപയോഗിക്കാനായി നെറ്റ് സെറ്റർ കൊണ്ടു നൽകിയതും ഇവരാണെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. ഇന്ന് രാവിലെ 5 മണിയോടെയാണ് വീട്ടിൽ നിന്ന് ഇവരെ അറസ്റ്റു ചെയ്തത്. നോട്ടീസ് നൽകി തൽക്കാലം ഇവരെ വിട്ടയച്ചതാണന്നും ഇനി ആവശ്യമുണ്ടെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.
എന്നാൽ സിദ്ദിഖ് എവിടെ എന്ന് ചോദിച്ചു കൊണ്ടാണ് പുലർച്ചെ വന്ന് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ആരോപിച്ച് യുവാക്കളുടെ ബന്ധുക്കൾ ആരോപിച്ചു. കൊച്ചി സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതിയും നൽകിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സിദ്ദിഖിനെ കാണാതായത്.