എൽ ഡി എഫ് ഭരണത്തെ പരിഹസിച്ച് പി വി അന്‍വര്‍ എം എല്‍ എ. എട്ടു വര്‍ഷത്തെ എല്‍ ഡി എഫ് ഭരണത്തിന്റെ സംഭാവന എന്താണെന്ന് ചോദിച്ചാല്‍ പൊതുപ്രവര്‍ത്തകരുടെ മിണ്ടാനുള്ള സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടതെന്ന് പറയേണ്ടിവരുമെന്ന് പി വി അന്‍വര്‍ പറഞ്ഞു. സഖാക്കള്‍ എല്ലാം സഹിക്കണം എന്നതാണ് അവസ്ഥ. കേരളത്തെ എങ്ങോട്ടാണ് മുഖ്യമന്ത്രി കൊണ്ടുപോകുന്നതെന്നും പി വി അന്‍വര്‍ ചോദിച്ചു.
പൊതു പ്രവര്‍ത്തകര്‍ക്ക് പൊതുവിഷയങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഉദ്യോഗസ്ഥ പ്രമാണിത്വമാണ് നടക്കുന്നത്. അതും ഈ സര്‍ക്കാരിന്റെ സംഭാവനയാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. താന്‍ എന്തുകൊണ്ട് പുറത്തു പറയുന്നു എന്ന് സഖാക്കള്‍ രോഷത്തോടെ ചോദിക്കുന്നുണ്ട്. താന്‍ പലകാര്യങ്ങളും പാര്‍ട്ടിയില്‍ പറഞ്ഞിട്ടുള്ളതാണ്. എ കെ ജി സെന്ററില്‍ അന്വേഷിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. ഇനിയും താന്‍ എന്താണ് ചെയ്യേണ്ടത്? തനിക്ക് വേണമെങ്കില്‍ ഇതൊക്കെ പറയാതിരിക്കാം. പൊതുസമൂഹത്തോട് വഞ്ചന കാണിക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.