കഴിഞ്ഞ തൃശൂർ പൂരം കലക്കാൻ ചിലർ ബോധപൂർവം ശ്രമിച്ചിരുന്നുവെന്ന് സി പി ഐ അന്നു തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നതായി സി പി ഐ തൃശൂർ ജില്ലാ കൗൺസിൽ. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പുറത്തു കൊണ്ടുവരണമെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തിൽ, പൂരം കലങ്ങിയതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണ റിപ്പോർട്ട് അടിയന്തരമായി പുറത്തു വിടണമെന്നാണ് സി പി ഐ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
പൂരം കലങ്ങിയതിൻ്റെ യഥാർത്ഥ ഗുണഭോക്താക്കൾ ബി ജെ പി യും സുരേഷ് ഗോപിയുമാണ്. ആസൂത്രിതമായി ഇവർ ചിലരുടെ കൂട്ടുപിടിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ട് അത് സർക്കാരിൻ്റെയും ഇടതുമുന്നണിയുടേയും കുഴപ്പമാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. കൂടാതെ അതുവരെ ചിത്രത്തിൽ ഇല്ലാതിരുന്ന ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി പൊടുന്നനെ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
എ ഡി ജി പി അജിത്കുമാർ അന്ന് ആർ എസ് എസ് നേതാക്കളെ കണ്ടുവെന്ന് അദ്ദേഹം തന്നെ സമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അടിയന്തരമായി റിപ്പോർട്ട് പുറത്തുവിടേണ്ടതുണ്ട്. ജനങ്ങൾ യഥാർത്ഥ വസ്തുത ഇക്കാര്യത്തിൽ അറിയേണ്ടത് അത്യാവശ്യമാണെന്നും ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.