ഓർമയിലെ ഇന്ന്

At Malayalam
2 Min Read

സെപ്റ്റംബർ – 7

പി ഐ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി

മലയാള സിനിമയുടെ വല്ല്യേട്ടൻ… പാണപ്പറമ്പിൽ മുഹമ്മദ് കുട്ടി ഇസ്മയിൽ എന്ന മമ്മൂട്ടിയ്ക്ക് ഇന്ന് 73-ാം പിറന്നാൾ. 1951 സെപ്റ്റംബർ 7 ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്ത് ജനിച്ച മമ്മൂട്ടി, കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു വളർന്നത്. ഇസ്മയിൽ – ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര – സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ.

മമ്മൂട്ടിയെപ്പറ്റി മലയാളിക്ക് അറിയാത്തതായി ഒന്നുമില്ല. അതിനാൽ, ഒരു ചിത്രത്തിൽ അദ്ദേഹം പറഞ്ഞതു പോലെ തന്നെ ‘ വലിയ ഡെക്കറേഷനൊന്നുമില്ലാതെ’ കാര്യങ്ങൾ മാത്രം പറഞ്ഞു പോകാം.

- Advertisement -

ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്ത് ചന്തിരൂരിലായിരുന്നു (മാതാവിൻ്റെ നാട്) സ്കൂൾ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോ കോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വ: ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷമാണ് അഭിനയരംഗത്ത് വേരുറപ്പിക്കുന്നത്. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് അദ്ദേഹം ശ്രദ്ധേയനായത്.

1971 ൽ പ്രദർശനത്തിനെത്തിയ മഹാനടൻ സത്യൻ്റെ ‘അനുഭവങ്ങൾ പാളിച്ചകൾ’ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ വേഗത്തിൽ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു കൊണ്ടിരുന്നു. എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം ‘ എന്ന ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചിത്രം. എന്നാൽ ഇതിന്റെ ചിത്രീകരണം പൂർത്തിയായില്ല.

തുടർന്ന് കെ ജി ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലെ പൊലിസ് ഇൻസ്പെക്ടറുടെ വേഷം മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കി.
മലയാളത്തിലെ ആദ്യ ഇൻവെസ്റ്റിഗേഷൻ ചിത്രമായിരുന്നു യവനിക എന്നു പറയാം. പിന്നാലെ ഐ വി ശശി സംവിധാനം ചെയ്ത അതിരാത്രം എന്ന ചിത്രത്തിലൂടെ സൂപ്പർ താരപദവിയിലെത്തി.

ഭരതൻ, ജോഷി, പി ജി വിശ്വംഭരൻ, സാജൻ, കെ മധു, ഷാജി കൈലാസ്, സിദ്ധീഖ് – ലാൽ, അടൂർ ഗോപാലകൃഷ്ണൻ, മണി രത്നം, ഭദ്രൻ, ഹരിഹരൻ, സത്യൻ അന്തിക്കാട് മുതലായ സംവിധായകരുടെ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ താരചക്രവർത്തിയായി.

ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും നായകനായി അഭിനയിച്ചു. ഇടയ്ക്ക് ഏറെ ചിത്രങ്ങൾ പരാജയപ്പെട്ടെങ്കിലും 1987 ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ താരമൂല്യം വീണ്ടും ഉയരത്തിലെത്തി. തലമുണ്ഡനം ചെയ്ത് അഭിനയിച്ച യാത്ര, നിറക്കൂട്ട്, ചപ്രത്തല മുടിയും പ്രാകൃത രൂപവുമായി മൃഗയ, സൂര്യമാനസം തുടങ്ങിയ ചിത്രങ്ങൾ. സത്യൻ അന്തിക്കാടിൻ്റെ കളിക്കളം എന്ന ചിത്രത്തിൽ വിവിധ വേഷപകർച്ചകളിൽ മമ്മൂട്ടി പിന്നെയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

- Advertisement -

അങ്ങനെ പതിറ്റാണ്ടുകൾ പിന്നിട്ട ആ സഭര്യ അങ്ങനെ അനുസ്യൂതം തുടരുകയാണ്. പിറന്നാൾ ദിനത്തിൽ മലയാളത്തിൻ്റെ സ്വന്തം വല്യേട്ടന് അറ്റ് മലയാളത്തിൻ്റെ പിറന്നാൾ ആശംസകൾ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment