മലയാള സിനിമയെ പിന്നോട്ട് വലിക്കുന്ന പ്രതിസന്ധികൾക്കിടയിലും മോഹൻലാലിൻ്റെ മണിച്ചിത്രത്താഴ് രണ്ടാം വരവിലും വമ്പൻ കളക്ഷൻ നേടി മുന്നേറുകയാണ്. മധു മുട്ടത്തിൻ്റെ തിരക്കഥയിൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ പല രംഗങ്ങളുടെ ചിത്രീകരണത്തിനു പിന്നിലും മലയാളത്തിലെ പ്രശസ്തരായ ചില സംവിധായകർ കൂടി സഹകരിച്ചിരുന്നു. സിബി മലയിൽ, പ്രിയദർശൻ, സിദ്ദിഖ് ലാൽ തുടങ്ങിയവരായിരുന്നു അന്നു ചിത്രത്തിൽ സഹകരിച്ച സംവിധായകർ.
മോഹൻലാലിൻ്റെ ഡോ: സണ്ണിയും സുരേഷ് ഗോപിയുടെ നകുലനും ശോഭനയുടെ ഗംഗയും നാഗവല്ലിയും നെടുമുടിയുടെ തമ്പിയും തിലകൻ്റെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും ഇന്നസെന്നിൻ്റെ ഉണ്ണിത്താനും വിനയ പ്രസാദിൻ്റെ ശ്രീദേവിയും കെ പി എ സി ലളിതയുടെ ഭാസുരകുഞ്ഞമ്മയും ഗണേഷ് കുമാറിൻ്റെ ദാസപ്പൻ കുട്ടിയും സുധീഷിൻ്റെ ചന്തുവും (കിണ്ടി) കുതിരവട്ടം പപ്പുവിൻ്റെ കാട്ടുപറമ്പനും ഇന്നും മലയാള സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത കഥാപാത്രങ്ങളാണ്.
എം ജി രാധാകൃഷ്ണൻ ഈണമിട്ട ഗാനങ്ങൾ നമ്മൾ എന്നും നെഞ്ചോട് ചേർത്തുവയ്ക്കുന്നവയാണ്. ബിച്ചു തിരുമല മലയാള വരികൾ എഴുതിയപ്പോൾ പ്രശസ്ത തമിഴ്കവി വാലി തമിഴ് വരികൾ രചിച്ചു. പശ്ചാത്തല സംഗീതമാണ് ഈ ചിത്രത്തിൻ്റെ യഥാർത്ഥ മിഴിവ്. അനശ്വര സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർ അത് അങ്ങേയറ്റം ചിത്രത്തിലെ രംഗങ്ങളോട് ഇഴുകി ചേർത്തു വച്ചു.
ഇതിൽ എടുത്തു പറയേണ്ട മറ്റൊന്ന് ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയവരെയാണ്. ഗംഗയ്ക്ക് ഭാഗ്യ ലക്ഷ്മിയും ശ്രീദേവിക്ക് ആനന്ദവല്ലിയും നാദമായപ്പോൾ നാഗവല്ലിയുടെ വ്യത്യസ്ത നാദത്തിന് ഫാസിൽ തെരഞ്ഞെടുത്തത് തമിഴ്നാട്ടിൽ നിന്ന് ദുർഗ സുന്ദരരാജൻ എന്ന കലാകാരിയെ ആയിരുന്നു. അവർ അത് അനശ്വരമാക്കുകയും ചെയ്തു. ശോഭനക്ക് ദേശീയ പുരസ്കാരം ലഭിച്ചതിനു പിന്നിൽ ആ ശബ്ദ വിന്യാസവും ഗുണകരമായതായി അന്നത്തെ ജ്യൂറി എടുത്തു പറഞ്ഞിരുന്നു. ദൗർഭാഗ്യവശാൽ അവർക്കന്ന് പുരസ്കാരം ലഭിക്കാതെ പോവുകയായിരുന്നു.
രണ്ടാം വരവിൽ മണിച്ചിത്രത്താഴ് 4.40 കോടി രൂപ വിറ്റുവരവു നേടിയിട്ടുണ്ട്. ഇതിൽ മൂന്നു കോടിയും കേരളത്തിൽ നിന്നും ബാക്കി പുറത്തുള്ള തിയറ്ററുകളിൽ നിന്നുമാണ്. അപവാദങ്ങളിൽ പെട്ട് ഉഴലുന്ന മലയാള സിനിമക്ക് ഈ വിജയമൊരു വെള്ളിവെളിച്ചമാകട്ടെ.
