ഓർമയിലെ ഇന്ന്: ഒക്ടോബർ – 6

At Malayalam
2 Min Read
Malayalam actress Sukumari

നടി സുകുമാരിയുടെ ജന്മദിനം

സുകുമാരി
(1940 ഒക്ടോബർ 6– 2013 മാർച്ച് 26).

ചലച്ചിത്ര രംഗത്ത്,60 വർഷത്തിലേറെ അഭിനയിച്ച അപൂർവ്വം ചില അഭിനേത്രികളിൽ ഒരാൾ.

പത്താമത്തെ വയസ്സു മുതൽ സുകുമാരി സിനിമയിൽ അഭിനയിച്ചു തുടങ്ങി.തെന്നിന്ത്യൻ ഭാഷകളിൽ 2000-ത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ചലച്ചിത്രങ്ങൾ കൂടാതെ നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്ന സുകുമാരിക്ക് രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരവും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.2013 മാർച്ച് 26 ന്, ഹൃദയാഘാതത്തെ തുടർന്ന് എഴുപത്തി രണ്ടാമത്തെ വയസ്സിൽ ചെന്നൈയിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

 Sukumari receiving Padmashri from Dr.APJ Abdul Kalam, former President of India

1940 ഒക്ടോബർ 6-ന് തമിഴ് നാട്ടിലെ നാഗർകോവിലിൽ മാധവൻ നായരുടേയും സത്യഭാമയുടേയും മകളായാണ് സുകുമാരി ജനിച്ചത്. തിരുവിതാംകൂർ സഹോദരിമാരെന്ന് ഖ്യാതി നേടിയ ലളിത,പത്മിനി,രാഗിണിമാരുടെ അടുത്ത ബന്ധുവായ സുകുമാരി ഭരതനാട്യവും കഥകളിയും കേരള നടനവും ഉൾപ്പെടെയുള്ള നൃത്തരൂപങ്ങളിൽ ബാല്യത്തിൽ തന്നെ പ്രാവീണ്യം നേടി.ആദ്യം നൃത്തം പഠിച്ചത് ഗുരു ഗോപിനാഥിന്റെ കീഴിൽ ആയിരുന്നു.സംഗീതത്തിലും തൽപരയായിരുന്നു.ഏഴാം വയസ്സു മുതൽ തിരുവിതാംകൂർ സഹോദരിമാരുടെ ഡാൻസേഴ്സ് ഓഫ് ഇന്ത്യ എന്ന ട്രൂപ്പിന്റെ ഭാഗമായി ഇന്ത്യയിലുടനീളവും സിലോൺ,സിംഗപ്പൂർ,മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലും നൃത്ത പരിപാടികൾ അവതരിപ്പിച്ചു.പിന്നീട് നടിമാരായ രാജസുലോചനയുടെയും കുശല കുമാരിയുടെയും ട്രൂപ്പുകളിൽ അംഗമായി. നൃത്തവേദികളിലെ പ്രകടനം കണ്ടാണ് സംവിധായകൻ പി. നീലകണ്ഠൻ ഒരറിവ് എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്.ഇക്കാലത്ത് ജി.വൈ.പാർത്ഥസാരഥിയുടെ നാടകങ്ങളിൽ രാഗിണിയുടെ കൂടെ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. പിന്നീട് ആ നാടക ബന്ധം ചോ രാമസ്വാമിയുടെ നാടകങ്ങളിലേക്ക് സുകുമാരിക്ക് അവസരം തുറന്നു. ചെറുപ്പത്തിൽ തന്നെ മുതിർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് സുകുമാരി ശ്രദ്ധ നേടിയത്.തമിഴിൽ എം.ജി.ആർ,ജയലളിത,ശിവാജി ഗണേശൻ എന്നിവരോടൊപ്പവും തെലുങ്കിൽ എൻ.ടി. ആറിനൊപ്പവും നിരവധി സിനിമകളിൽ വേഷമിട്ടു.

- Advertisement -

പത്താമത്തെ വയസ്സിൽ ഒരിരവ് എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് സുകുമാരി അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ദൈർഘ്യമേറിയ ഒരു നൃത്തരംഗത്താണ് ഈ സിനിമയിൽ അവർ പ്രത്യക്ഷപ്പെട്ടത്.1957 ൽ ആറു ഭാഷകളിൽ പുറത്തിറങ്ങിയ തസ്കര വീരനിലാണ് സുകുമാരി ആദ്യമായി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതേ വർഷം തന്നെ മലയാള സിനിമയായ കൂടപിറപ്പിലും അഭിനയിച്ചു.ആദ്യകാല ബ്ലാക് & വൈറ്റ് ചിത്രങ്ങളിലും പിന്നീട് പുതിയ ചിത്രങ്ങളായ ചേട്ടത്തി,കുസൃതി കുട്ടൻ, കുഞ്ഞാലി മരക്കാർ,തച്ചോളി ഒതേനൻ,യക്ഷി,കരിനിഴൽ എന്നിവയിലെയും അഭിനയം ശ്രദ്ധേയമായി. പിൽക്കാലത്ത് പ്രിയദർശന്റെ ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളും ചെയ്ത് വളരെ ശ്രദ്ധേയയായി.പൂച്ചക്കൊരു മൂക്കുത്തി,ഓടരുതമ്മാവാ ആളറിയാം,ബോയിംഗ് ബോയിംഗ്,വന്ദനം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയും വളരെ മികവുറ്റതായിരുന്നു.അക്കാലത്ത് ബാലചന്ദ്ര മേനോൻ,അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ ചിത്രങ്ങളിലും സുകുമാരി ശ്രദ്ധേയയായി

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment