മലയാള സിനിമാലോകത്തെ വിവാദങ്ങളിൽപ്പെട്ട്, ആളൊഴിഞ്ഞ ഇടങ്ങളായി സിനിമാ പ്രദർശന ശാലകളും. 2024 ൻ്റെ പകുതി വരെ തിയറ്ററുകളിൽ ആളെത്തുകയും മിനിമം ‘കൊള്ളാം’ എന്ന നിലയിലുള്ള ചിത്രങ്ങൾ കാശുവാരി പോവുകയും ചെയ്തിരുന്നതായി തിയറ്റർ ഉടമകൾ പറയുന്നു. മഞ്ഞുമ്മൽ ബോയ്സ് മുതൽ ആവേശം വരെ അത്യാവശ്യം നല്ല നിലയിലാണ് മലയാള സിനിമകൾ കളക്ട് ചെയ്തു പൊയ്ക്കൊണ്ടിരുന്നത്. മാത്രമല്ല, ദേവദൂതൻ എന്ന മോഹൻലാൽ ചിത്രം രണ്ടാം വരവിൽ മികച്ച രീതിയിൽ കളക്ട് ചെയ്യുന്നു മുണ്ടായിരുന്നു. എന്നാൽ വയനാട് ദുരന്തത്തോടെ തിയറ്ററുകളിൽ നിന്ന് മെല്ലെ ആളൊഴിയാൻ തുടങ്ങി. നിലവിരമില്ലാത്ത സിനിമകൾ എത്തിയതും ഒരു പരിധിവരെ തിയറ്ററിൽ നിന്ന് ആളെ അകറ്റി നിർത്തി എന്ന് തിയറ്ററുടമകൾ പറയുന്നു.
ദുരന്തത്തിൻ്റെ അലയൊലികൾ ഒഴിഞ്ഞു വീണ്ടും മെല്ലെ തീയറ്റുകളിൽ ആളുകൾ എത്താൻ തുടങ്ങിയിരുന്നു. മണിച്ചിത്രത്താഴിൻ്റെ രണ്ടാം വരവ് അതിന് ആക്കം കൂട്ടുകയും ചെയ്തു. എന്നാൽ പൊടുന്നനെ ഹേമ കമ്മിറ്റി റിപ്പോർട്ടെത്തുന്നു. സ്ഥിതിഗതികൾ ആകെ മാറി മറിയുന്നു. ആരോപണങ്ങൾ, നാറുന്ന പിന്നാമ്പുറ കഥകൾ, നിഷേധങ്ങൾ, അറപ്പില്ലാതെ വെട്ടിത്തുറന്നു പുറത്തു വരുന്ന ചീഞ്ഞളിഞ്ഞ നാറിയ രഹസ്യങ്ങൾ. സിനിമാ അന്തരീക്ഷം മാത്രമല്ല, പേരു കേട്ട കേരള സാംസ്കാരിക രംഗമാകെ അടിമുടി ചെളിയിൽ മുങ്ങി തലയുയർത്താനാകാതെ നിൽക്കുന്ന അവസ്ഥ എത്തിയിരിക്കുന്നു.
ഇതൊക്കെ കണ്ടും കേട്ടും സിനിമാക്കാരോട് നാട്ടുകാർ അകലം പാലിച്ചിട്ടാണോ എന്നറിയില്ല, തിയറ്ററുകൾ ഒഴിഞ്ഞു. വാഴ എന്ന ചിത്രം ആദ്യ ദിവസങ്ങളിൽ മികച്ച കളക്ഷൻ നേടി തുടങ്ങിയെങ്കിലും പുതിയ സംഭവ വികാസങ്ങളിൽ പൊടുന്നനെ കൂപ്പുകുത്തി വീണു. ഉറഞ്ഞു തുള്ളിയ നാഗവല്ലിയെ തള്ളി പ്രേക്ഷകർ തിയറ്റർ വിട്ട് മാറി നിൽക്കുന്നു. ശരാശരി കളക്ഷൻ പോലും കിട്ടാതെ ‘ഇന്ന് പ്രദർശനമില്ല’ എന്ന ബോർഡ് തൂക്കേണ്ടുന്ന സ്ഥിതിഗതിയിലേക്ക് കാര്യങ്ങൾ എത്തുന്നു.
ഒരു തിയറ്ററിൽ, ഒരു ഷോ നടത്താൻ ശരാശരി 8,000 മുതൽ 10,000 രൂപ വരെ ചെലവുണ്ട്. വൈദ്യുതി ചാർജ്, നാലോ അഞ്ചോ ജീവനക്കാരുടെ ശമ്പളം, മറ്റ് അത്യാവശ്യ ചെലവുകൾ എന്നിവ കഴിച്ചാൽ വലിയ ബുദ്ധിമുട്ടിലാണ് നിലവിൽ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ താത്ക്കാലികമായി തിയറ്ററുകൾ അടച്ചിട്ടാലോ എന്ന ചിന്തയിലാണ് തങ്ങളെന്ന് ചില തിയറ്ററുടമകൾ പറയുന്നു. അതെന്തായാലും നാളിതുവരെ കാണാത്ത പ്രതിസന്ധിയിലാണ് സിനിമയും പ്രവർത്തകരും സിനിമാ അനുബന്ധ മേഖലകളും.
