ഓർമയിലെ ഇന്ന് : ഓഗസ്റ്റ് – 22 : പ്രൊഫ: എസ് ഗുപ്തൻ നായർ

At Malayalam
2 Min Read

മലയാള സാഹിത്യ വിമര്‍ശകരില്‍ പ്രമുഖനായിരുന്നു എസ് ഗുപ്തന്‍ നായര്‍. സാഹിത്യകാരന്‍, അധ്യാപകന്‍, ഉപന്യാസകാരന്‍, നടന്‍, നാടക ചിന്തകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യാപരിച്ച എസ് ഗുപ്തന്‍ നായര്‍ കേരള സാഹിത്യ സമിതിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും അധ്യക്ഷനുമായിരുന്നു. സാഹിത്യേതരവിഷയങ്ങളിൽ അതിയായ താൽപര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ രണ്ട് ഇഷ്ടങ്ങളായിരുന്നു സംഗീതവും സ്പോർട്സും.

1919 ഓഗസ്റ്റ് 22ന് കൊല്ലം ജില്ലയിലെ ഓച്ചിറയിൽ അപൂർവ്വ വൈദ്യൻ എന്നുവിശേഷിപ്പിക്കപ്പെട്ട ഒളശ്ശ ശങ്കരപിള്ളയുടെയും മേമനയിലെ ചെങ്ങാലപ്പള്ളി വീട്ടിൽ ശങ്കരിയമ്മയുടെയും മകനായി ജനിച്ചു. കൃഷ്ണപുരം ഗവ: പ്രൈമറി സ്കൂൾ, പ്രയാർ യു പി സ്കൂൾ, കായംകുളം ഗവ: സ്കൂൾ, തിരുവനന്തപുരം സയൻസ് കോളജ്, തിരുവനന്തപുരം ആർട്സ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ഗുപ്തൻനായർ കുറച്ചുകാലം ട്യൂട്ടോറിയൽ കോളജിൽ അധ്യാപകനായിരുന്നു. ഗവേഷണ പഠനത്തിനു ചേർന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ തന്നെ അധ്യാപകനായി നിയമനം ലഭിച്ചു. തലശ്ശേരി ബ്രണ്ണൻ കോളജ്. എറണാകുളം മഹാരാജാസ് കോളജ്,പാലക്കാട് വിക്ടോറിയ കോളജ്,കോഴിക്കോട് സർവകലാശാല എന്നിവിടങ്ങളിലും അധ്യാപകനായി. ഒ എൻ വി കുറുപ്പും തിരുനല്ലൂർ കരുണാകരനും എം കെ സാനുവും ജി ശങ്കരപ്പിള്ളയും ആറ്റൂർ രവിവർമയും പുതുശ്ശേരി രാമചന്ദ്രനുമടക്കമുള്ള സാഹിത്യപ്രതിഭകളും എ കെ ആന്റണി അടക്കമുള്ള രാഷ്ട്രീയക്കാരും ഗുപ്തൻ നായരുടെ ശിഷ്യനിരയിലുണ്ട്. എസ് ജി നായർ, ബി എ ഓണേഴ്സ് എന്ന പേരിലായിരുന്നു ആദ്യരചനകൾ. ആദ്യ പുസ്തകം ആധുനിക സാഹിത്യം. ഒട്ടേറെ റേഡിയോ പ്രഭാഷണങ്ങളും നാടകാവതരണവും നടത്തിയിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണസംഘം, കേരള സാഹിത്യ സമിതി, വിദ്യാഭ്യാസ സുരക്ഷാ സമിതി എന്നിവയുടെ പ്രസിഡന്റ്, കേരള സർക്കാരിന്റെ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, എ ആർ രാജരാജവർമ സ്മാരകം എന്നിവയുടെ ചെയർമാൻ, മലയാളി, ഗ്രന്ഥാലോകം, വിജ്ഞാനകൈരളി, സന്നിധാനം എന്നിവയുടെ എഡിറ്റർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി: ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ദേശീയവാദിയായിരുന്ന ഗുപ്തൻ നായർ കോൺഗ്രസ് ഫോർ കൾചറൽ ഫ്രീഡം എന്ന സംഘടനയുടെ കേരള കൺവീനറായിരുന്നു. കോൺഗ്രസിനു കീഴിലുള്ള ഇന്ത്യൻ റൈറ്റേഴ്സ് യൂണിയന്റെ ദേശീയ പ്രസിഡന്റുമായി. 2006 ഫെബ്രുവരി 7ന് അദ്ദേഹം അന്തരിച്ചു.

കേരള – കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, വയലാര്‍ പുരസ്കാരം, ലളിതാംബിക അന്തര്‍ജ്ജനം പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമായി ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ലളിതമായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍.

- Advertisement -

ആധുനിക സാഹിത്യം, ക്രാന്തദര്‍ശികള്‍, ഇസങ്ങള്‍ക്കപ്പുറം, കാവ്യസ്വരൂപം, തിരയും ചുഴിയും, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സൃഷ്ടിയും സ്രഷ്ടാവും, അസ്ഥിയുടെ പൂക്കള്‍, സമാലോചനയും പുനരാലോചനയും, കേരളവും സംഗീതവും, മനസാസ്മരാമി (ആത്മകഥ) എന്നിവയാണ് എസ് ഗുപ്തന്‍ നായരുടെ പ്രധാന കൃതികള്‍.

Share This Article
Leave a comment