ഓർമയിലെ ഇന്ന്

At Malayalam
4 Min Read

ഒക്ടോബർ – 19

പറവൂർ ഭരതൻ

മലയാള സിനിമയില്‍ വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും ലാളിത്യം പുലർത്തിയ, മന്ദബുദ്ധിയായ വില്ലനും വീട്ടുകാര്യസ്ഥനും കാര്യശേഷിയില്ലാത്തവനായ ഗുണ്ടയുമായി മലയാളികളെ ചിരിപ്പിച്ച പറവൂർ ഭരതൻ.

മലയാളത്തില്‍ മികച്ച വില്ലന്മാരായി അരങ്ങേറിയ താരങ്ങള്‍ പിന്നീട് ഹാസ്യതാരങ്ങളായി മാറിയ ചരിത്രമുണ്ട്. ഹാസ്യതാരങ്ങളായി മാറിയ വില്ലന്മാരും പില്‍ക്കാലത്ത് നായകന്മാരായിട്ടുണ്ട്. എന്നാല്‍ ചില കൊടുംവില്ലന്മാര്‍ ഹാസ്യതാരങ്ങളായി തന്നെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് നിലനിന്നു. ഇതില്‍ വില്ലനില്‍ നിന്നും ഹാസ്യത്തിലേക്ക് ചേക്കേറിയ ആദ്യതാരം ഒരുപക്ഷേ, പറവൂര്‍ ഭരതനായിരിക്കും.

- Advertisement -

ഭക്തകുചേല, ഉണ്ണിയാർച്ച, അൾത്താര, കാട്ടുപൂക്കൾ, ചെമ്മീൻ, തുലാഭാരം, ഭാര്യമാർ സൂക്ഷിക്കുക, കണ്ണൂർ ഡീലക്സ്, റസ്റ്റ് ഹൗസ്, മൂലധനം, നദി, കള്ളിച്ചെല്ലമ്മ, ബല്ലാത്ത പഹയൻ, വാഴ്‌വേമായം, മിണ്ടാപ്പൂച്ച, ത്രിവേണി, പ്രിയ, ക്രോസ്ബെൽറ്റ്, ഓളവും തീരവും, മറുനാട്ടിൽ ഒരു മലയാളി, അനുഭവങ്ങൾ പാളിച്ചകൾ, ലങ്കാദഹനം, തെറ്റ്, സിന്ദൂരച്ചെപ്പ്, കരകാണാക്കടൽ, ഒരു പെണ്ണിന്റെ കഥ, പുനർജന്മം, പണിമുടക്ക്, ചെമ്പരത്തി, പൊന്നാപുരംകോട്ട, കാപാലിക, നഖങ്ങൾ, കോളേജ് ഗേൾ , രാജഹംസം, തുമ്പോലാർച്ച, കരിമ്പന, ഒരിക്കൽകൂടി, ഗുരുവായൂർ കേശവൻ, തെമ്മാടി വേലപ്പൻ, ഈനാട്, പടയോട്ടം, ആയുധം, കളിയല്ല കല്യാണം, കുയിലിനെത്തേടി, അടിയൊഴുക്കുകൾ, ഇടനിലങ്ങൾ ഉൾപ്പെടെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ പറവൂർ ഭരതൻ ചെയ്തു.

ഓളവും തീരവും പോലുള്ള സിനിമകളില്‍ ‘ കണ്ണൂര്‍ ജയില്‍ ആണുങ്ങള്‍ക്കുളളതാ…’ എന്നു പറഞ്ഞ് മീശപിരിച്ചു നടന്ന ഭരതന്‍ പില്‍ക്കാലത്ത് കിന്നാരം പോലുള്ള പടങ്ങളില്‍ നേരിയ ഹാസ്യഭാവമണിഞ്ഞ് ഒടുവില്‍ മീശയില്ലാ വാസുവായി മഴവില്‍ക്കാവടിയിലൂടെ അത്യുഗ്രന്‍ പൊട്ടിച്ചിരിയായി മാറി. പിന്നെ എത്രയോ സിനിമകളില്‍ ആ രൂപവും ഭാവവും ആളുകളെ പൊട്ടിച്ചിരിപ്പിച്ചു.

മഴവിൽക്കാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, തൂവൽ സ്പർശം, ഇന്‍ ഹരിഹര്‍ നഗര്‍, മേലെപ്പറമ്പില്‍ ആണ്‍വീട്, അമ്മയാണേ സത്യം, ജൂനിയര്‍ മാന്‍ഡ്രേക്, കുസൃതികുറുപ്പ്, അരമന വീടും അഞ്ഞൂറേക്കറും, കുടുംബവിശേഷം, ഗോഡ് ഫാദർ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി മലയാളികള്‍ക്ക് മുന്നിലെത്തി.

1960 ൽ ആണ് അദ്ദേഹം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയത്. വ്യത്യസ്തമായ ധാരാളം കഥാപാത്രങ്ങൾ മലയാള ചലച്ചിത്രങ്ങളിൽ അവതരിപ്പിച്ചു. വില്ലനായും സ്വഭാവനടനായും ഹാസ്യതാരമായും ആയിരത്തോളം സിനിമകളിലും അഞ്ഞൂറോളം നാടകങ്ങളിലുമായി ഒട്ടേറെ അവിസ്മരണീയ കഥാപാത്രങ്ങൾക്ക് ജീവനേകി. പ്രേം നസീറിന്റെ ആദ്യചിത്രം മരുമകൾ അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായിരുന്നു. തിക്കുറിശ്ശിയുടെ മരണത്തിനു ശേഷം മലയാള സിനിമയുടെ ഏറ്റവും മുതിർന്ന വ്യക്തിയായിരുന്നു. മലയാള താര സംഘടനയായ അമ്മയുടെ പ്രഥമ അംഗവും അദ്ദേഹമായിരുന്നു.

അദ്ദേഹത്തിന്റെ അംഗത്വ ഫീസായ 10,000 രൂപ സ്വീകരിച്ചു കൊണ്ടായിരുന്നു അമ്മയുടെ തുടക്കം.
കൊച്ചണ്ണൻ കോരൻ – കുറുമ്പ കുട്ടി ദമ്പതികളുടെ മകനായി 1929 ജനുവരി 16 ന് നോർത്ത് പറവൂരിലുള്ള വടക്കേക്കര പഞ്ചായത്തിലെ വാവക്കാട് എന്ന ഗ്രാമത്തിൽ ഒരു സാധാരണ തെങ്ങു ചെത്ത്‌ തൊഴിലാളിയുടെ മകനായിട്ടാണ്‌ പറവൂർ ഭരതന്റെ ജനനം. മൂത്തകുന്നു എസ് എൻ ഹൈസ്കൂളിലാണ് ഭരതൻ തന്റെ പഠനം ആരംഭിച്ചത്. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കലാരംഗത്ത് മികവുകാട്ടിയിരുന്നു.ഏകാഭിനയത്തിൽ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം സ്‌കൂളിൽ മോണോആക്‌ടിൽ ഒരു തെങ്ങുകയറ്റ തൊഴിലാളിയെ അവതരിപ്പിച്ചാണ്‌ കലാരംഗത്ത്‌ എത്തിയത്‌. പക്ഷേ, അച്ഛന്റെ മരണത്തോടു കൂടി പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടാണ് ചലച്ചിത്രാഭിനയം ഒരു ജീവിതോപാധിയായി തിരഞ്ഞെടുത്തത്.

- Advertisement -

പഠിക്കുന്ന കാലത്തും കലാരംഗത്ത് സജീവമായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ അഭിനയം പ്രശസ്ത കാഥികൻ കെടാമംഗലം സദാനന്ദൻ‍ കാണാനിടയാകുകയും പിന്നീട് അദ്ദേഹം ഭരതനെ ‘പുഷ്പിത’ എന്ന ഒരു നാടകസംഘത്തിൽ ചേർക്കുകയും ചെയ്തു. പിന്നീട് പറവൂരും പരിസര പ്രദേശങ്ങളിലുള്ള നാടക വേദികളിൽ സജീവ സാന്നിദ്ധ്യമായി ഭരതൻ മാറി. ഇങ്ങനെ നാടകസംഘങ്ങളുമായുള്ള പരിചയമാണ് പിൽക്കാലത്ത് ഭരതന് ചലച്ചിത്രത്തിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. പുഷ്‌പിണി എന്ന നാടകത്തിൽ ജന്മി വേഷം കെട്ടിയാണ്‌ അരങ്ങിലെത്തിയത്‌.

ഉദയ കേരള നാടകസമിതിയുടെ രക്തബന്ധം എന്ന സംഗീത നാടകമാണു സിനിമയിലേക്കു വഴി തുറന്നത്. ആ നാടകം അതേ പേരിൽ 1951ൽ സിനിമയായപ്പോൾ ഭരതനും ക്യാമറയ്ക്കു മുന്നിലെത്തുകയായിരുന്നു. നാടകവേദിയിലെ താരമായി വളർന്ന അദ്ദേഹത്തിന് 1950 ൽ ആലുവ സ്വദേശി കരുണാകര പിള്ള നിർമിച്ച ‘രക്തബന്ധം’ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയായിരുന്നു. മലയാളത്തിലെ 15-ാമത്തെ ശബ്ദ ചിത്രമായിരുന്നു അത്. പിന്നീട് കേരളകേസരി, മരുമകൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

1961ൽ പുറത്തിറങ്ങിയ ‘ഭക്ത കുചേല’യാണ് പറവൂർ ഭരതന് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. 1964 ൽ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത കറുത്ത കൈയിലെ മുഴുനീള വില്ലൻ വേഷമായിരുന്നു പറവൂർ ഭരതനെന്ന നടന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവായത്. പഞ്ചവർണ തത്തപോലെ എന്ന പ്രശസ്തമായ ഖവാലി ഗാനം പാടി അഭിനയിച്ചത് അദ്ദേഹമായിരുന്നു. പിൽക്കാലത്ത് ഏറെ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ജഗതി ശ്രീകുമാർ കഴിഞ്ഞാൽ എണ്ണത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനക്കാരൻ ഭരതനാണ്.

- Advertisement -

മാറ്റൊലി എന്ന സംഗീത നാടകത്തിൽ ഒപ്പം അഭിനയിച്ച നടി തങ്കമണിയാണ് ഭാര്യ. നീലക്കുയിൽ സിനിമയിലും തങ്കമണി അഭിനയിച്ചിട്ടുണ്ട്. 2015 ഓഗസ്റ്റ് 19 ന് പുലർച്ചെ 5.30 – ന് അദ്ദേഹം അന്തരിച്ചു. 2009 ൽ പുറത്തിറങ്ങിയ ചങ്ങാതിക്കൂട്ടമാണ് അവസാനമായി അഭിനയിച്ച സിനിമ.

2013 ൽ നടൻ സലിംകുമാർ സംവിധാനം ചെയ്ത ‘പരേതന്റെ പരിഭവങ്ങൾ’ എന്ന ഹ്രസ്വ ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. പറവൂർ ഭരതൻ അഭിനയിച്ച ചെമ്മീൻ 50-ാം വാർഷികം ആഘോഷിച്ച അതേ ദിവസമാണ് അദ്ദേഹം ഈ ലോകത്തു നിന്നു വിട പറഞ്ഞതും.

Share This Article
Leave a comment