വയനാട്ടിലെ ദുരിതബാധിതരെ സഹായിയ്ക്കാൻ ഡി വൈ എഫ് ഐ പോർക്ക് ചാലഞ്ച് നടത്തുന്നതിൽ മതം കുത്തിവയ്ക്കുന്നവർക്കെതിരെ കെ ടി ജലീൽ എം എൽ എ. പോർക്ക് ചാലഞ്ച് നടത്തി പാവങ്ങളുടെ അതിജീവനത്തിന് പണം കണ്ടെത്തുന്ന ഡി വൈ എഫ് ഐയെ വിമർശിയ്ക്കുന്ന ലീഗുകാരും ജമാ അത്തെ ഇസ്‌ലാമിക്കാരും പലിശ സ്ഥാപനങ്ങൾ നൽകുന്ന പണം എന്തു കൊണ്ടാണ് വേണ്ടാ എന്നു പറയാത്തതെന്ന് കെ ടി ജലീൽ എം എൽ എ തൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ ചോദിച്ചു.
ഡി വൈ എഫ് ഐ എന്ന യുവജന സംഘടന ഏതെങ്കിലും ഒരു മതവിശ്വാസികളുമായി ചേർന്നു പോകുന്ന സംഘടനയല്ല. അതിൽ പന്നിയിറച്ചിയും ബീഫും കഴിയ്ക്കുന്നവരുണ്ട്, അതുപോലെ കഴിയ്ക്കാത്തവരുമുണ്ട്. ഡി വൈ എഫ് യ്ക്ക് പോർക്ക് ചാലഞ്ചും ബീഫ് ചാലഞ്ചും ഒരു പോലെ തന്നെയാണ്. ബീഫ് കഴ്യ്ക്കുന്നവരെ തല്ലികൊല്ലണമെന്നും പോർക്ക് കഴിയ്ക്കുന്നവരെ വെറുക്കണമെന്നു പറയുന്നതും തമ്മിൽ എന്തു വ്യത്യാസമാണുള്ളതെന്നും എഫ് ബി യിൽ പങ്കു വച്ച കുറിപ്പിൽ അദ്ദേഹം ചോദിയ്ക്കുന്നു.
കെ ടി ജലീലിൻ്റെ എഫ് ബി പോസ്റ്റ് ചുവടെ:
പന്നിയിറച്ചി ചാലഞ്ച് നടത്തി പണം സ്വരൂപിച്ച് ദുരിതബാധിതർക്ക് നൽകുന്നതിനെ എതിർത്ത് ചില പോസ്റ്റുകൾ ലീഗുകാരുടെയും ജമാഅത്തെ ഇസ്ലാമിക്കാരുടെയും സാമൂഹ്യ മാധ്യമ വാളുകളിൽ കാണാൻ ഇടയായി. പന്നി ഇസ്ലാംമത വിശ്വാസികൾക്ക് നിഷിദ്ധമാണ്. എന്നാൽ ക്രൈസ്തവ മതക്കാർക്ക് അത് ഇഷ്ടവിഭവമാണ്. ബീഫ് നിഷിദ്ധമാണെന്ന് കരുതുന്ന മതക്കാർ നാട്ടിലുണ്ട്. എന്നാൽ പോത്തിറച്ചി വിറ്റ് കിട്ടിയ പണം ദുരിത ബാധിതർക്ക് കൊടുക്കരുതെന്ന് അവരാരും പറഞ്ഞതായി കേട്ടില്ല.
പലിശ മുസ്ലിങ്ങൾക്ക് നിഷിദ്ധമാണ്. എന്നാൽ പലിശ സ്ഥാപനങ്ങൾ കൊടുക്കുന്ന പണം ദുരിത ബാധിതർക്ക് വേണ്ടെന്ന് ”പന്നിയിറച്ചി വിരോധികൾ” പറയാത്തതെന്താണ്? പന്നിയിറച്ചി കഴിക്കുന്നതിനെക്കാൾ വലിയ പാപമല്ലേ പലിശ മുതൽ ഭക്ഷിക്കൽ? മദ്യം മുസ്ലിങ്ങൾക്ക് നിഷിദ്ധമാണ്. ക്രൈസ്തവർക്കോ ഹൈന്ദവർക്കോ മതപരമായി മദ്യം നിഷിദ്ധമല്ല. മദ്യപാനിക്ക് സ്വർഗ്ഗം അപ്രാപ്യമാണെന്ന് മുസ്ലിങ്ങളെപ്പോലെ അവർ പറയുന്നുമില്ല. മദ്യമുതലാളിമാരുടെ സംഭാവന വേണ്ടെന്ന് “പന്നിവരുദ്ധർ” ഉൽഘോഷിച്ചത് കണ്ടില്ല.
ഡി.വൈ.എഫ്.ഐ ഏതെങ്കിലും പ്രത്യേക മതവിശ്വാസത്തോട് ചേർന്നു നിൽക്കുന്ന സംഘടനയല്ല. അതിൽ പന്നിയിറച്ചി കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. പലിശ വാങ്ങുന്നവരും വാങ്ങാത്തവരുമുണ്ട്. ബീഫ് ചാലഞ്ചും പോർക്ക് ചാലഞ്ചും ഡി.വൈ.എഫ്.ഐക്ക് ഒരുപോലെയാണ്. ബീഫ് കഴിക്കുന്നവനെ തല്ലിക്കൊല്ലണമെന്ന് പറയുന്നതും പന്നിയിറച്ചി കഴിക്കുന്നവരെ വെറുക്കണമെന്ന് പറയുന്നതും തമ്മിൽ എന്തു വ്യത്യാസം? ഇടതുപക്ഷത്തിന് മതമില്ല. എല്ലാമതക്കാരെയും അത് ഉൾകൊള്ളുന്നു.
നിയമം അനുവദിക്കുന്നതിനാൽ ധനസമാഹരണത്തിന് “പോർക്ക് ചാലഞ്ചും ബീഫ് ചാലഞ്ചും” ഡി.വൈ.എഫ്.ഐക്ക് നടത്താൻ ഭരണഘടനാപരമായി അവകാശമുണ്ട്. ലീഗും ജമാഅത്തെ ഇസ്ലാമിയും അതിൻ്റെ പേരിൽ ഡി.വൈ.എഫ്.ഐയെ താറടിക്കാൻ ശ്രമിക്കേണ്ട. കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിൽ പോലും മതവും വർഗ്ഗീയതയും കുത്തിക്കലക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന “കുലുക്കിസർബത്ത്” ഉണ്ടാക്കി വിൽക്കുന്ന ഏർപ്പാട് ഇനിയെങ്കിലും ലീഗുകാരും ജമാഅത്തെഇസ്ലാമിക്കാരും അവസാനിപ്പിക്കണം.
സമസ്ത നേതാവ് നാസർഫൈസി കൂടത്തായി അടക്കം ഡിവൈഎഫ്ഐയുടെ പോർക്ക് ചാലഞ്ചിനെതിരെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
‘വയനാട്ടിലെ ദുരിതത്തിൽ പെട്ടവർ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്. അറിഞ്ഞ് കൊണ്ട് DYFI കോതമംഗലം കമ്മറ്റി അത് ചലഞ്ചാക്കി ഫണ്ടുണ്ടാക്കി നൽകുകയാണ്. അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടിട്ടും ദുരിതരിൽ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിന്റെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാൽ അവഹേളനമാണ്, അധിക്ഷേപമാണ്, നിന്ദയുമാണ്. വയനാട്ടുകാരെ ഭക്ഷിപ്പിക്കുന്നില്ലെന്ന ‘ ന്യായം ” അത് കൊണ്ട് കിട്ടുന്ന വരവ് വയനാട്ടുകാരെ അവഹേളിക്കലാണെന്ന് ധരിക്കുന്നതിനുള്ള മറുപടിയാവില്ല’ നാസർഫൈസി ഫേസ്ബുക്കിൽ കുറിച്ചു