ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15 രാവിലെ 9 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റു സേനാ വിഭാഗങ്ങളുടെയും, അശ്വാരൂഢ സേന, എൻ സി സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും.
പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മെഡൽ ജേതാക്കൾക്ക് മുഖ്യമന്ത്രി സമ്മാനിക്കും. മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനവും ഉണ്ടാകും
