വെർച്വൽ അറസ്റ്റ് ഭീഷണി: ഇരകൾ ഡോക്ടർമാരും വ്യവസായികളും

At Malayalam
1 Min Read

വെർച്വൽ അറസ്റ്റെന്നു ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒറ്റപ്പാലത്തു നിന്നു തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപ. ഡോക്ടർമാരും വ്യവസായിയും ഉൾപ്പെടെ മൂന്നു പേരാണു തട്ടിപ്പിന് ഇരയായത്.

നഗരത്തിലെ ഒരു ഡോക്ടറിൽ നിന്ന് ആറു ലക്ഷം രൂപയും മറ്റൊരു ഡോക്ടറിൽ നിന്ന് മൂന്നു ലക്ഷവുമാണ് തട്ടിയത്. വ്യവസായിയെ കബളിപ്പിച്ചു കൈക്കലാക്കിയതു 29.70 ലക്ഷം രൂപ. തട്ടിപ്പു തിരിച്ചറിഞ്ഞു പൊലീസ് സ്റ്റേഷനിലെത്തിയതിന്റെ പേരിൽ നാലു പേർ പണം നഷ്ടമാകാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പൊലീത്ത ഡോ ഗീവർഗീസ് മാർ കൂറിലോസിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയിരുന്നു.

ഇല്ലാത്ത പാഴ്സലിന്റെ പേരിൽ പ്രമുഖ കുറിയർ കമ്പനിയിൽ നിന്നെന്നു വിശ്വസിപ്പിച്ചെത്തുന്ന വിഡിയോ കോളിലൂടെയാണു തട്ടിപ്പ്. ഇരയാക്കപ്പെടുന്ന വ്യക്തിയുടെ വിലാസത്തിൽ എം ഡി എം എ പോലുള്ള ലഹരി മരുന്നുകളോ വ്യാജ രേഖകളോ കുറിയർ ആയി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തെറ്റിധരിപ്പിച്ചാണു ഫോൺ കോൾ തുടങ്ങുന്നത്. ഫോൺ കസ്റ്റംസ്, പൊലീസ്, സൈബർ സെൽ പോലുള്ള അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർക്കു കൈമാറുന്നുവെന്നു വിശ്വസിപ്പിച്ച് മറ്റൊരാൾ സംഭാഷണം തുടങ്ങുന്നതാണു രണ്ടാം ഘട്ടം.

യൂണിഫോം ധരിച്ച് ഉദ്യോഗസ്ഥൻ ചമഞ്ഞെത്തുന്നയാളാണു താങ്കൾ വെർച്ച്വൽ അറസ്റ്റിലാണെന്ന നിലയിൽ ഇരയെ തെറ്റിധരിപ്പിക്കുന്നത്. നിർദേശം ലംഘിച്ചാൽ നിയമക്കുരുക്കിൽപ്പെടുമെന്നുമാണു ഭീഷണി. സ്വകാര്യ വിവരങ്ങൾ നൽകിയാൽ ബാങ്കിൽ നിന്നു പണം പിൻവലിക്കപ്പെടും. ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾക്കു പുറമേ മലയാളത്തിൽ സംസാരിച്ചും തട്ടിപ്പു സംഘം ഇരകളെ വീഴ്ത്തുന്നുണ്ട്.

- Advertisement -
Share This Article
Leave a comment