മന്ത്രി എ കെ ശശീന്ദ്രന് ഇന്ന് ദുരന്തമേറ്റവരുടെ അനുഭങ്ങൾ കേട്ട് പിടിച്ചു നിൽക്കാനായില്ല. അദ്ദേഹം കൈകൾ കൊണ്ട് മുഖം പൊത്തി തേങ്ങി കരഞ്ഞു. പിന്നെ അവർക്കു നേരെ കൈകൂപ്പി. മന്ത്രി മുഹമ്മദ് റിയാസിനും മന്ത്രി രാജനുമൊപ്പം വനം മന്ത്രിയായ എ കെ ശശീന്ദ്രനും ദുരന്ത പിറ്റേന്ന് മുതൽ മേഖലയിൽ സജീവമായി ഉണ്ട്. ഒരു പക്ഷേ, അന്നു മുതൽ ചോരയുടേയും കണ്ണു നീരിൻ്റെയും കഥകൾ കേട്ട് മനസ് മരവിച്ച നിലയിൽ നിന്ന അദ്ദേഹത്തിന് ഒരു നിമിഷം നിയന്ത്രണം തെറ്റിയതാവാം.
ദുരന്തത്തിൽ ഇനിയും കണ്ടെത്താൻ കഴിയാത്തവരുടെ കൂട്ടത്തിലുള്ള നാസറിൻ്റെ മകൻ, മന്ത്രിയുടെ അടുത്ത് എത്തി വിവരങ്ങൾ പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് നിയന്ത്രണം നഷ്ടമായത്. കുട്ടിയെ ചേർത്തു നിർത്തി മന്ത്രി വിതുമ്പി. “ഇതു കണ്ടിട്ട് ഞാൻ എന്താണ് പറയുക. വല്ലാത്ത അനുഭവം തന്നെ. ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടി വരുമെന്ന് നമ്മൾ ആരെങ്കിലും കരുതിയോ? ഇവരോടൊക്കെ , ഇവരുടെ ചോദ്യങ്ങൾക്കൊക്കെ ഞാനെന്ത് ഉത്തരമാണ് പറയുക. നമുക്കിത്രയും വിഷമമുണ്ടെങ്കിൽ ഇവരുടെ അവസ്ഥ എന്താവും. എനിക്കൊന്നേ പറയാനുള്ളൂ , ദുരന്ത ബാധിതർക്കായി പ്രാർത്ഥിയ്ക്കുക, പ്രവർത്തിയ്ക്കുക ” .
ദുരന്ത ഭൂമിയിലേയ്ക്ക് കയറി വരാൻ ദുരിത ബാധിതരിൽ പലർക്കും വലിയ ബുദ്ധിമുട്ടുണ്ടന്നും അതിനാലാണ് പലരും തെരച്ചിലിൽ പങ്കെടുക്കാത്തതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസും പറഞ്ഞു. ജനകീയ തെരച്ചിൽ ഇന്നുമുണ്ടായിരുന്നെങ്കിലും കനത്ത മഴ അതിനു തടസമായി.