സംവിധായകൻ സിദ്ദിഖിൻ്റെ വേർപാടിന് ഒരു വർഷം. മലയാള സിനിമാ പ്രേക്ഷകർക്ക് നർമ്മത്തിന്റെ പൂക്കാലം സമ്മാനിച്ച സിദ്ദിഖിന് സ്മരണാഞ്ജലി. കൊച്ചി സ്വദേശികളായ ഇസ്മയിൽ ഹാജി സൈനബ ദമ്പതികളുടെ മകനായ സിദ്ദിഖിൻ്റെ ജനനം 1960ലാണ്. കളമശേരി സെന്റ് പോൾസ് കോളജ് കളമശ്ശേരിയിൽ വിദ്യഭ്യാസം. 1986 മെയ് ആറിന് മുറപ്പെണ്ണായ സാജിതയെ ജീവിത പങ്കാളിയാക്കി. മൂന്നു പെൺമക്കൾ : സുമയ്യ, സാറ, സുക്കൂൻ.
അസിസ്റ്റന്റ ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ചു.കൊച്ചിൻ കലാഭവനിലെ മികച്ച മിമിക്രി പ്രകടനം കണ്ട് പ്രശസ്ത സംവിധായകൻ ഫാസിൽ ഒപ്പം കൂട്ടി. സത്യൻ അന്തിക്കാടിന്റെ നാടോടിക്കാറ്റ് സിനിമയുടെ ആശയം ലാലിനോടൊപ്പം സിദ്ദിഖിന്റേതുമാണ്. പപ്പൻ പ്രിയപ്പെട്ട പപ്പന്റെ തിരക്കഥയും അങ്ങനെ തന്നെ.

ലാലിനോടൊപ്പം ചേർന്ന് സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിൽ ഫാസിൽ നിർമ്മിച്ച ആദ്യ സിനിമ വൻ ഹിറ്റ് ആയി. കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ സായ്കുമാറിന്റെ ആദ്യ ചിത്രം . നായിക രേഖ. കൂടെ മുകേഷ്, ഇന്നസെന്റ്, ദേവൻ, കുഞ്ചൻ, മാമുക്കോയ, സുകുമാരി, ശങ്കരാടി തുടങ്ങിയവർ. റാംജിറാവ് എന്ന യാതൊരു ദയയുമില്ലത്ത കിഡ്നാപ്പിംഗ് വില്ലനായി പുതിയ ഗെറ്റപ്പിൽ വിജയ രാഘവൻ, ചെമ്മീൻ കമ്പനി മുതലാളി ഉറുമീസ് തമ്പാന്റെ വേഷത്തിൽ ദേവൻ. ഉർവ്വശി തിയേറ്റേഴ്സ് ഉടമ മത്തായിച്ചൻ ഇന്നസെന്റ. ബാലകൃഷ്ണനും ഗോപാലകൃഷ്ണനും തമ്മിലുളള പാരകൾ ചെമ്മീൻ കമ്പനിയിലേക്കുളള ഫോൺ കോൾ ഉർവ്വശി തിയേറ്റേഴ്സിലേക്ക് തെറ്റി വരുന്നതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങൾ ക്ലൈമാക്സ്.കൽക്കട്ടയിൽ നിന്ന് വരുമ്പോൾ കമ്പിളിപ്പുതപ്പ് കൊണ്ടുവരണേ തുടങ്ങി സന്ദർഭോചിതമായ തമാശകൾ.
ബിച്ചു തിരുമലയുടെ മികച്ച വരികൾക്ക് എസ് ബാലകൃഷ്ണന്റെ സംഗീതം. തിയേറ്ററിൽ പ്രേക്ഷകർ ഇത്രയും ആർത്തു ചിരിക്കുന്ന സിനിമ അക്കാലത്ത് ആദ്യമായിരുന്നു. വക്രീകരിച്ച കോക്രി കാണിക്കുന്ന തമാശകൾ അല്ലാതെ ലോജിക് ഉള്ള തമാശകളും സന്ദർഭങ്ങൾ തമാശയായി മാറുന്നതുമായ സിനിമ .മത്തായിച്ചൻ ഉണ്ടോ , അതാ നിന്റെ പ്രശ്നം, ബാലകൃഷ്ണാ …ന്റെ മോനേ .. ഒരു തോക്ക് കിട്ടിയിട്ടുണ്ട് തുടങ്ങി ഇപ്പോഴും നമ്മൾ പല സന്ദർഭങ്ങളിലും ഉപയോഗിക്കുന്ന നർമ്മ ഭാഷണങ്ങൾ സിദ്ദിഖിൽ നിന്ന് പിറവിയെടുത്തത് തന്നെ. സൂപ്പർതാരങ്ങളില്ലാതെ വിജയം നേടിയ സിനിമ.

രണ്ടാമത്തെ സിനിമയും ഹിറ്റ് തന്നെ ഇൻ ഹരിഹർ നഗർ. ഹരിഹർ നഗറിൽ എത്തിയ സുന്ദരിയായ യുവതിയെ സ്വന്തമാക്കാൻ, ശ്രദ്ധ ആകർഷിക്കാൻ നാലു യുവാക്കൾ വിഫലശ്രമം നടത്തുന്നതും അവർ ഓരോരോ കെണികളിൽ പെടുന്നതും. സിനിമയുടെ പേര് കൊടുക്കാതെ ‘തോമസുകുട്ടി വിട്ടോടാ’ എന്ന് രണ്ടാം വാരത്തിൽ പുതിയ പോസ്റ്റർ ഇറങ്ങിയപ്പോൾ മറ്റൊരു സിനിമയാണെന്ന് കരുതിയവർ ഒട്ടേറെയുണ്ടായിരുന്നു. ഗോവിന്ദൻകുട്ടിയെ പലരും അന്വേഷിച്ചു വരുന്നു. അവസാനം സുന്ദരിയായ ഒരു യുവതി (ഗീതാ വിജയൻ) യും കൂടി വന്നപ്പോൾ സഹായിയായ പയ്യൻ പറഞ്ഞു “ഗോവിന്ദൻകുട്ടി സാറിന്റെ ടൈം ബെസ്റ്റ് ടൈം” പറഞ്ഞ് തീരുന്നതോടെ ഗോവിന്ദൻകുട്ടിയെ തലകീഴായി തൂക്കിയിട്ടിരിക്കുന്നത് കണ്ട പ്രേക്ഷകർക്ക് ചിരി നിറുത്താനേ കഴിഞ്ഞിരുന്നില്ല.
അതു പോലെ മുത്തശ്ശി ഡിറ്റക്ടീവ് നോവൽ വായിക്കുന്ന ഭാഗം. ബോക്സിങ്ങ് ക്ലബ്ബിലെ ഭാഗങ്ങൾ,ചിരിയുടെ പൂരമായിരുന്നു.മുകേഷ്, ജഗദീഷ് , സിദിഖ്, അശോകൻ എന്നിവരും നായികയായി ഗീതാ വിജയനും നായികയുടെ മുത്തച്ഛൻ പറവൂർ ഭരതൻ , മുത്തശ്ശി ഫിലോമിന, കവിയൂർ പൊന്നമ്മ തൃശൂർ എൽസി എന്നിവരും. കൂടാതെ സുരേഷ് ഗോപി, സായികുമാർ എന്നിവർ ചെറിയ റോളിൽ . യാതൊരു ദയയുമില്ലാത്ത ജോൺ ഹോനായി എന്ന വില്ലന്റെ വേഷത്തിലെത്തിയ റിസബാവ വളരെ ശ്രദ്ധിക്കപ്പെട്ടു.
അടുത്ത സിനിമ അതിനേക്കാൾ ഹിറ്റ്. നാടക കുലപതി എൻ എൻ പിള്ളയെ അഞ്ഞൂറാനാക്കി ഒരു വർഷം തുടർ ഷോ പ്രദർശിപ്പിച്ച സിനിമ ഗോഡ് ഫാദർ എൻ എൻ പിളളയെ പുതിയ തലമുറ അഞ്ഞൂറാനായി മാത്രമാണ് അറിയുന്നത്. നൂറു സിനിമയിൽ അഭിനയിച്ചതിനേക്കാൾ പ്രശസ്തിയാണ് നാടകാചാര്യന് ലഭിച്ചത്. ലോ കോളജ് വിദ്യാർത്ഥികളായ രാമഭദ്രന്റേയും (മുകേഷ്) മാലു (കനക )വിന്റേയും വീട്ടുകാർ തമ്മിലുളള കുടിപ്പകയുടെ കഥ. അഞ്ഞൂറാന്റേയും അച്ചാമ്മയുടേയും (ഫിലോമിന ) വൈരാഗ്യത്തിന്റെ കഥ. ‘മറക്കണോ’ എന്ന ഡയലോഗ് ഇന്നും ഓരോ സന്ദർഭങ്ങളിലും ആവർത്തിച്ചു കൊണ്ടിരിക്കുന്നു കൊച്ചു കുട്ടികൾ പോലും ‘

സീരിയസ് രംഗങ്ങളിലും നർമം വിതറുന്ന സിദ്ദിഖിന്റെ വൈഭവം. പനിനീര് തെളിയാനേ എന്ന ഫിലോമിനയുടെ രംഗം ആരെങ്കിലും മറക്കുമോ? സ്വാമിനാഥന്റെ (ഇന്നസെന്റ് )ഹനുമാൻ കോവിലെ ഭജന പൊളിച്ചടുക്കിയത് നമ്മളെ എത്രയോ ചിരിപ്പിച്ചു. തിലകന്റേയും കെ പി എ സി ലളിതയുടേയും (ഡാൻസ് ടീച്ചർ )അഭിനയവും അപാരമായിരുന്നു. ഒപ്പം പറവൂർ ഭരതൻ, ശങ്കരാടി , കൊല്ലം തുളസി, സിദ്ദിഖ് ഭീമൻ രഘു , ജഗദീഷ് , രവിവള്ളത്തോൾ, സീനത്ത് തുടങ്ങിയവരും, ചെറിയ വേഷത്തിൽ എത്തിയവർ പോലും ശ്രദ്ധേയരായി.
ഹാട്രിക് വിജയം നേടിയ ഈ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി നാലാമത്തെ ചിത്രം വിയറ്റ്നാം കോളനി. ആ സിനിമയും വമ്പൻ വിജയം നേടി. മോഹൻലാലിന്റെ കൃഷ്ണമൂർത്തിയും ഇന്നസെന്റിന്റെ കെ.കെ.ജോസഫും കെ പി എ സി ലളിതയുടെ പട്ടാളം ജാനകിയും ജഗന്നാഥ വർമ്മയുടെ കമ്പനി എംഡിയും ദേവന്റെ കഥാപാത്രവും ചട്ടമ്പി റാവുത്തരും സ്രാങ്കും , ഇരുമ്പ് ജോണും മൂസാ സേട്ടും ഫിലോമിനയുടെ സുഹറാ ഭായ് ഒന്നും മറക്കാൻ കഴിയില്ല.

അടുത്ത സിനിമ കാബൂളിവാല. സർക്കസ് കലാകാരൻമാരുടെ ജീവിത കഥ മുന്ന/ഉണ്ണി എന്നീ കഥാപാത്രങ്ങളായി വിനീത്, ലൈലയായി ചാർമ്മിള
കന്നാസ്, കടലാസ് എന്നിങ്ങനെ ജഗതി ഇന്നസെന്റ് , സുകുമാരി , സോമൻ, ശ്രീവിദ്യ, ക്യാപ്ററൻ രാജു നെടുമുടി തുടങ്ങിയർ അഭിനയിച്ച സിനിമ
വൻ സാമ്പത്തിക വിജയമായില്ല. മുൻ സിനിമകളിലെ അത്ര ഹാസ്യവും ഉണ്ടായില്ല.
കാബൂളിവാലയ്ക്ക് ശേഷം സംവിധാന മേഖലയിലെ ലാൽ ഇരട്ട കൂട്ട്കെട്ട് അവസാനിച്ചു
പിന്നീട് ഒറ്റക്ക് സംവിധാനം :
അതിൽ ആദ്യ ചിത്രം മമ്മൂട്ടി നായകനായ ഹിറ്റ്ലർ. ആ ചിത്രം വൻ വിജയമായി. മാധവൻ കുട്ടിയും അഞ്ചു സഹോദരിമാരും അവരുടെ സംരക്ഷകനായി ഒപ്പം നടക്കുന്ന ഹിറ്റ്ലർ 1996 ൽ ആണ് റിലീസ് ആയത്. മമ്മൂട്ടിയുടെ നായികയായി ശോഭന സഹോദരിമാരായി വാണി വിശ്വനാഥ് ചിപ്പി, സീത, സുചിത്ര , ഇളവരശി എന്നിവർ. അടൂർ ഭവാനി, ഇടവേള ബാബു, കെ പി എ സി ലളിത, ശ്രീരാമൻ, എം ജി സോമൻ, സായികുമാർ, സീനത്ത്, മോഹൻ രാജ് തുടങ്ങിയവർ.
നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ജയറാമിനെ നായകനാക്കി മുകേഷ്, ജഗദീഷ് , ശ്രീനിവാസൻ, ജഗതി, ജനാർദ്ദനൻ എന്നിവരും നായികയായി മീനയും അഭിനയിച്ച ഫ്രണ്ട്സ് എന്ന ചിത്രവും വൻ വിജയമായി. വിവിധ ഭാഷകളിൽ സിദ്ദിഖ് തന്നെ റീമേക്ക് ചെയ്തു.
പിന്നീട് ഏഴുവർഷത്തെ നീണ്ട കാലയളവിനു ശേഷം മമ്മൂട്ടിയെ നായകനാക്കി മുകേഷ് ഇന്നസെന്റ്, ഭാവന ബിജു മേനോൻ ജനാർദ്ദനൻ തുടങ്ങിയവർ അഭിനയിച്ച രംഭ നായികയായ ക്രോണിക് ബാച്ചിലർ എന്ന ചിത്രവും മോശമല്ലാത്ത കളക്ഷൻ നേടി.

ദീപക് ദേവിന്റെ മനോഹരമായ ഈണം ചിത്രത്തിന് കൂടുതൽ കരുത്തായി. മൂന്നുവർഷങ്ങൾക്ക് ശേഷം ദിലീപിനെ നായകനാക്കി നയൻതാര , മിത്ര കുര്യൻ എന്നിവരെ നായികമാരാക്കി സംവിധാനം ചെയ്ത ബോഡിഗാർഡ് എന്ന ചിത്രവും വിജയം നേടി. തമിഴ് നടൻ സത്യരാജ് നായികയുടെ അച്ഛൻ വേഷത്തിൽ അഭിനയിച്ചു. ചിത്രം വിവിധ ഭാഷകളിൽ സിദ്ദിഖ് തന്നെ റീമേക്ക് ചെയ്തു. തമിഴിൽ വിജയ് നായകനായി. കാവലൻ, ഹിന്ദിയിൽ ബോഡിഗാഡ് എന്ന പേരിൽ തന്നെ വൻ വിജയം നേടി .
പിന്നീട് വന്ന ലേഡീസ് ആന്റ് ജന്റിൽ മാൻ അത്ര നന്നായില്ല. ശ്രദ്ധിക്കപ്പെട്ടില്ല. മമ്മൂട്ടിയെ മുഖ്യ കഥാപാത്രമാക്കിയ ഭാസ്കർ ദി റാസ്കൽ എന്ന സിനിമയും ജയസൂര്യയെ നായകനാക്കിയ ഫുക്രിയും കാര്യമായ വിജയം നേടിയില്ല.
അവസാനം സംവിധാനം ചെയ്ത മോഹൻലാൽ പ്രധാന വേഷത്തിൽ അഭിനയിച്ച ബിഗ് ബ്രദർ എന്ന ചിത്രം വൻ പരാജയമായി. ലൊക്കേഷൻ തിരഞ്ഞെടുത്തതിൽ ഉണ്ടായ പാളിച്ചയാണെന്ന് സിദ്ദിഖ് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

ഇതുവരെ സംവിധാനം ചെയ്ത ഒരു സിനിമയ്ക്കും മലയാളം പേര് നൽകിയിട്ടില്ല എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്. കൂടുതലും ഇംഗ്ലീഷ് പേരുകൾ ആണ് പിന്നെ ഹിന്ദിയും. ( കാബൂളിവാല ) എന്നാൽ കഥയെഴുതിയ തിരക്കഥയെഴുതിയ മക്കൾ മഹാത്മ്യം പപ്പൻ പ്രിയപ്പെട്ട പപ്പൻ ഉൾപ്പെടെയുള പല ചിത്രങ്ങൾക്കും മലയാളം പേരുകൾ ഉണ്ട്.
കഥ തിരക്കഥ സംഭാഷണം എഴുതിയ മാന്നാർ മത്തായി സ്പീക്കിങ്ങ് (റാംജി റാവു രണ്ടാം ഭാഗം) സംവിധാനം ചെയ്തത് സിദ്ദിഖ് ലാൽ കൂട്ടുകെട്ട് തന്നെയാണ് എന്ന് ഭൂരിഭാഗം പ്രേക്ഷകരും വിശ്വസിക്കുന്നു. സംവിധായകൻ മാണി സി. കാപ്പൻ എന്ന് ഹൈലൈറ്റ് ചെയ്ത് കണ്ടില്ല. നിർമ്മാണം കാപ്പൻ തന്നെ. സംവിധാനം ചെയ്യാൻ സഹായിച്ച സിദിഖ് ലാലിന് നന്ദി എന്ന് മാത്രം കാണാം. അതിന്റെ രഹസ്യം ആരും പുറത്ത് വിട്ടില്ല. ഇന്നസെന്റ്, സായികുമാർ , മുകേഷ് എന്നിവരെ കൂടാതെ ബിജു മേനോൻ വില്ലൻ വേഷത്തിലും , വാണി വിശ്വനാഥ് നായികയായും എത്തി. സുകുമാരി കവിയൂർ പൊന്നമ്മ, പ്രിയങ്ക, ഹരിശ്രീ അശോകൻ എന്നിവരെ കൂടാതെ കെ പി ഉമ്മർ , പ്രതാപചന്ദ്രൻ , ഇന്ദ്രൻസ് മച്ചാൻ വർഗ്ഗീസ് കൊച്ചിൻ ഹനീഫ തുടങ്ങിയവരും അഭിനയിച്ചു.
എൽദോയെ സിനിമയിൽ എടുത്തേ, ആശാന്റെ കാല് തല്ലിയൊടിച്ചു. ഈ പത്രക്കാരെക്കൊണ്ട് തോറ്റു, (ജനാർദ്ദനൻ) നീ തങ്കപ്പനല്ല പൊന്നപ്പനാടാ തുടങ്ങിയ ഡയലോഗുകൾ മിമിക്കുകളും ട്രോളർമാരും ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
ഇനിയും എത്രയോ സിനിമകളിലൂടെ ഇന്ത്യൻ സിനിമാസ്വാദകരെ ചിരിപ്പിക്കേണ്ടിയിരുന്നതാണ്.
