രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി, എട്ടെണ്ണം സംസ്ക്കരിച്ചു
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 221ആയി. ഇന്നത്തെ തെരച്ചിലില്‍ പരപ്പന്‍പാറയില്‍ നിന്നും നിലമ്പൂരില്‍ നിന്നുമായി രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു. നിലമ്പൂരില്‍ നിന്ന് ഏഴും സൂചിപ്പാറ ഭാഗത്തുനിന്നും ഒരാളുടെ ശരീരഭാഗങ്ങളും ലഭിച്ചു. തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയില്‍ സംസ്‌ക്കരിച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം മേപ്പാടിയില്‍ ആരംഭിച്ചു. ആറു മേഖലകളിൽ വിവിധ സേനകളും സന്നദ്ധപ്രവർത്തകരും വ്യാപക തെരച്ചില്‍ നടത്തി. ഇവര്‍ക്കു പുറമെ രജിസ്റ്റര്‍ ചെയ്ത 1,700 വോളണ്ടിയര്‍മാരും 188 ടീമുകളായി തിരിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ജില്ലയില്‍ 77 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,246 പേരെയാണ് പാർപ്പിച്ചിട്ടുള്ളത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ടുപോയ എസ് എസ് എല്‍ സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ആറു മേഖലകളിലും വ്യാപക തെരച്ചിൽ
അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജി വി എച്ച് എസ് എസ് വെള്ളാർമല, പുഴയുടെ അടിവാരം എന്നീ മേഖലകളിൽ യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ചു കൊണ്ടുള്ള തെരച്ചിലാണ് നടന്നത്. പരപ്പൻപാറ ഭാഗത്ത് സൂചിപ്പാറയിൽ പാറയുടെ അടിയിൽ നിന്നും വനംവകുപ്പിനാണ് മൃതശരീരം ലഭിച്ചത്. ഹെലികോപ്റ്ററിലാണ് മൃതദേഹം എത്തിച്ചത്.
പുഞ്ചിരിമട്ടത്ത് റോഡുകൾ ശുചീകരിച്ചു. ഇവിടെ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ശരീരഭാഗങ്ങൾ ഒന്നും കണ്ടെത്താനായില്ല. മുണ്ടക്കൈയിൽ സിഗ്നൽ കിട്ടിയിരുന്നെങ്കിലും ഇവിടെ നിന്നും ഒന്നും കണ്ടെത്താനായില്ല. സ്കൂൾ കെട്ടിടത്തിന്റെ ഭാഗത്തും പുഴയുടെ വശങ്ങളിലും സ്കൂൾ റോഡിന്റെ മുകളിലും തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ചൂരൽമല ടൗൺ പ്രദേശത്ത് എട്ട് ഹിറ്റാച്ചികൾ ഉപയോഗിച്ച് തകർന്ന വീടുകളും വലിയ പാറകളും നീക്കി തെരച്ചിൽ നടത്തി. ബെയ്ലി പാലവും അരുവിയോട് ചേർന്നുള്ള ഭാഗവും വില്ലേജ് ഏരിയയിലെ റോഡും വൃത്തിയാക്കി. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തിയിരുന്നു. പുഴയുടെ അടിഭാഗങ്ങളിൽ തെരച്ചിൽ തുടർന്നു. സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ താഴെ ഭാഗത്തും തെരച്ചിൽ നടത്തി.
ഉരുൾപൊട്ടൽ നടന്ന തലേദിവസം മുണ്ടക്കൈ ഭാഗത്ത് കുടുങ്ങിയ കെ എസ് ആർ ടി സി ബസ് ബെയ്‌ലി പാലത്തിലൂടെ തിരികെ ചൂരൽമലയിൽ എത്തിച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ ഡി ആര്‍ എഫ്) 120 അംഗങ്ങള്‍, വനം വകുപ്പില്‍ നിന്നും 40 , സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സില്‍ നിന്നും 570 , പൊലീസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്- 50 , ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ് , ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് , നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയില്‍ നിന്നായി 446 , തമിഴ്‌നാട് ഫയര്‍ഫോഴ്‌സില്‍ നിന്നും 40 , ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഡെല്‍റ്റ സ്‌ക്വാഡിലെ 15 , കേരള പൊലീസിന്റെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ 20 എന്നിങ്ങനെ ആകെ 1301 പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്.
കേരള പോലീസിന്റെ കെ 9 സ്‌ക്വാഡില്‍ പെട്ട ഒരു നായയും കരസേനയുടെ കെ 9 സ്‌ക്വാഡില്‍ പെട്ട മൂന്നു നായകളും തമിഴ്‌നാട് ഫയര്‍ സര്‍വീസ് ഡോഗ് സ്‌ക്വാഡില്‍ നിന്നും അഞ്ചു നായകളും ദൗത്യത്തില്‍ ഉണ്ട്. പുഞ്ചിരിമട്ടം- 149, മുണ്ടക്കൈ- 125, സ്‌കൂള്‍ പരിസരം- 723, ചൂരല്‍മല ടൗണ്‍- 186, വില്ലേജ് ഏരിയ-75, പുഴയുടെ താഴ്വാരം- 42 എന്നിങ്ങനെയാണ് ഓരോ സോണിലും നിയോഗിച്ചവരുടെ എണ്ണം.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമായ ഏകോപനത്തിൽ
സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ജില്ലയിൽ തുടരുന്നത്. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പട്ടികജാതി, പട്ടികവർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു എന്നിവര്‍ ക്യാമ്പുകളും ദുരിതബാധിത മേഖലയും സന്ദർശിച്ചു.
മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ദുരന്ത മേഖലയിലും ദുരിതാശ്വാസ മേഖലകളിലും നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. ദുരന്തബാധിത പ്രദേശത്തെ തെരച്ചിലിന്റെ തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിവിധ സേനകളുടെ യോഗവും കളക്ടറേറ്റിൽ നടന്നു. മുണ്ടക്കൈ – ചൂരൽമല ദുരന്തമേഖലയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച ശേഷം കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി കളക്ടറേറ്റിൽ മന്ത്രി കെ രാജൻ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, സ്പെഷ്യൽ ഓഫീസർ സീറാം സാംബശിവ റാവു എന്നിവരുമായി ചർച്ച നടത്തിയിരുന്നു.
