ആൾ താമസമുള്ള വീടുകളിൽ മാത്രം മോഷണം നടത്തുന്ന കള്ളനെ തൃശൂർ മാളയിൽ നിന്നും പൊലിസ് പിടി കൂടി. മാള കുന്നിശേരിയിൽ ജോമോനാണ് പിടിയിലായത്. അക പറമ്പിൽ ഒരു വീട്ടിൽ കയറി വാതിൽ പൊളിച്ച് ഒരു ലക്ഷം രൂപ കവർന്ന കേസിലാണ് ഇയാളെ ഇപ്പോൾ അറസ്റ്റു ചെയ്തത്.
വിശദമായ ചോദ്യം ചെയ്യലിൽ പല സ്ഥലങ്ങളിൽ നിന്നായി ഇയാൾ ആളുള്ള വീടുകളിൽ കയറി മോഷണം നടത്തിയ സംഭവങ്ങൾ തുറന്നു പറഞ്ഞു. ചെങ്ങമനാട് കേന്ദ്രീകരിച്ച് മൂന്നു വർഷങ്ങൾക്കുള്ളിൽ ഇയാൾ നാലു മോഷണങ്ങൾ നടത്തിയതായും പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. പാലാരിവട്ടം മേഖലയിൽ നിന്നും രണ്ടു മോഷണങ്ങളും ഇയാൾ നടത്തിയിട്ടുണ്ട്. പല സ്ഥലങ്ങളിൽ നിന്നായി ഇയാൾ കവർന്ന സ്വർണം വീട്ടിൽ നിന്നും കണ്ടെടുത്തു.
പകൽസമയം കറങ്ങി നടന്ന് ആൾ താമസമുള്ള വീടുകൾ കണ്ടുവയ്ക്കുകയും ഇരുട്ടാകുന്നതോടെ വീടിൻ്റെ സമീപത്ത് സുരക്ഷിതമായി കയറിക്കൂടുകയും ചെയ്യും. ആൾ താമസമുള്ള വീടുകൾ മാത്രമേ തെരഞ്ഞെടുക്കൂ. വീട്ടുകാർ ഉറക്കമാകുന്നതോടെ ജനൽ പാളികൾ ഇളക്കി മാറ്റിയാണ് അകത്ത് കടന്ന് മോഷണം നടത്തുന്നത്. അകപറമ്പിൽ നിന്നു മോഷ്ടിച്ച ഒരു ലക്ഷം രൂപയിൽ നിന്ന് ഇരുപതിനായിരം രൂപക്ക് ലോട്ടറി എടുത്തതായി ഇയാൾ പൊലിസിനോട് പറഞ്ഞു.