സംസ്ഥാനത്ത് മൺസൂൺകാല ട്രോളിംഗ് നിരോധനം ജൂലൈ 31ന് അവസാനിക്കും. മത്സ്യലഭ്യതയിൽ കഴിഞ്ഞ കുറേ മാസങ്ങളായി വലിയ കുറവാണ് കേരള തീരത്തുള്ളത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധന കാലയളവിൽ കടലിൽ പോകുന്നതിന് തടസ്സമില്ലെങ്കിലും ഇവർക്ക് ലഭിക്കുന്ന മത്സ്യത്തിൽ വലിയ കുറവുണ്ടായി.
ഈ സാഹചര്യത്തിൽ തീരദേശത്തെ മാർക്കറ്റുകളിൽ പോലും ഉയർന്ന വിലയാണ് മത്സ്യത്തിനുള്ളത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന മത്സ്യത്തിനും വലിയ വില നൽകേണ്ടി വന്നു. ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ കേരള തീരത്തു നിന്നും ബോട്ടുകൾ കടലിൽ പോയി തുടങ്ങുകയും ആവശ്യാനുസരണം മത്സ്യം ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് പൊതുവെയുള്ളത്.
ട്രോളിംഗ് നിരോധനം അവസാനിക്കുന്നതിന്റെ ഭാഗമായി ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ ബുധനാഴ്ച രാത്രിയോടെ പ്രവർത്തന സജ്ജമാവും. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു.