അനന്തരവൻ ആകാശ് ആനന്ദിനെ തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) മേധാവിയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. ലഖ്‌നൗവിലെ പാർട്ടിയുടെ സംസ്ഥാന ഓഫീസിൽ ഞായറാഴ്ച മായാവതിയുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിലാണ് പ്രഖ്യാപനം. ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ചുമതല ആകാശിനാണ്. ഈ രണ്ട് സംസ്ഥാനങ്ങളുടെ ചുമതല മായാവതിക്കായിരിക്കും.
2016 ലാണ് ആനന്ദ് ബിഎസ്‌പിയിൽ എത്തുന്നത്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരകരിൽ ഒരാളായിരുന്നു. പാർട്ടിയിൽ ആനന്ദിന്റെ സാന്നിധ്യവും 2022ൽ രാജസ്ഥാനിലെ അജ്മീറിൽ അദ്ദേഹം നടത്തിയ പദയാത്രയും പാർട്ടിക്ക് കരുത്ത് പകർന്നതായാണ് വിലയിരുത്തൽ. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മായാവതിയുടെ പ്രഖ്യാപനം രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്
