തൻ്റെ ഇൻസ്റ്റഗ്രാം പേജിലേക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ച യുവാവിനെ ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മർദ്ദിച്ചു. മർദ്ദന ശേഷം ഒളിവിൽ പോയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഓമശേരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
യുവതിയുടെ ഇൻസ്റ്റഗ്രാം പേജിൽ നിരന്തരം അശ്ലീല സന്ദേശം അയച്ച യുവാവിൻ്റെ വീടു തേടി പിടിച്ച് ചെന്ന് യുവതി ഇയാളെ ചോദ്യം ചെയ്തു. ഓമശേരി നടമ്മൽ മിർഷാദിനെയാണ് യുവതി കയ്യോടെ പിടി കൂടിയത്. ഇതിൽ പ്രകോപിതനായ മിർഷാദ് മറ്റൊരു ദിവസം ആളൊഴിഞ്ഞ സ്ഥലത്തു വച്ച് യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ശേഷം ഇയാൾ ഒളിവിൽ പോവുകയും ചെയ്തു.
തുടർന്ന് കൊടുവള്ളി പൊലിസിൽ യുവതി പരാതി നൽകിയിരുന്നു. പൊലിസ് ഇയാളെ കണ്ടെത്തി അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി മിർഷാദിനെ റിമാൻ്റ് ചെയ്യാൻ ഉത്തരവിട്ടു.
