ഉദ്യോഗസ്ഥരുടെ പദവി കാട്ടി വാഹനങ്ങളിൽ ബോർഡ് വയ്ക്കുന്നത് നിയുവിരുദ്ധമാണന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി. ഇത്തരം ബോർഡുകൾ ഉപയോഗിക്കുന്ന കസ്റ്റംസ്, ഇൻകം ടാക്സ്, സെൻട്രൽ എക്സൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും കോടതി ചോദിച്ചു.
എറണാകുളത്ത് കേന്ദ്രസർക്കാർ ജീവനക്കാരാണ് ഇത്തരം നിയമലംഘനം നടത്തുന്നതെങ്കിൽ തിരുവനന്തപുരത്ത് എത്തുമ്പോൾ അത് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരാണന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കെ എം എം എൽ എം ഡിയുടെ വാഹനം ആലുവ മേൽപ്പാലത്തിലൂടെ ഫ്ലാഷ് ലൈറ്റുമിട്ട് അമിത വേഗത്തിൽ ഓടിച്ചതു സംബന്ധിച്ച എൻഫോഴ്സ്മെൻ്റ് ഓഫിസറുടെ പരിശോധനാ റിപ്പോർട്ട് ഇനി ഹർജി പരിഗണിയ്ക്കുമ്പോൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. വാഹനങ്ങളുടെ നിയമ ലംഘനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്
