തന്നെയും മകളേയും ആക്രമിയ്ക്കാൻ വന്ന ഭർത്താവിൻ്റെ കയ്യിലിരുന്ന വെട്ടുകത്തി പിടിച്ചു വാങ്ങി അയാളുടെ കഴുത്തിലും മുഖത്തും വെട്ടിയ ശേഷം യുവതി ആത്മഹത്യ ചെയ്യാനായി കുളത്തിൽ ചാടി. എന്നാൽ സ്ഥലത്തെത്തിയ പൊലിസും നാട്ടുകാരും ചേർന്ന് വീട്ടമ്മയെ മരണത്തിൽ നിന്നു രക്ഷിച്ചു.
കൊല്ലം ജില്ലയിലെ കടയ്ക്കലിനടുത്തുള്ള കുമ്മിൾ എന്ന സ്ഥലത്താണ് ഇതൊക്കെ സംഭവിച്ചത്. പരിക്കു പറ്റിയ രാമചന്ദ്രൻ ആശുപത്രിയിലാണ്. സ്ഥിരം മദ്യപാനിയായ രാമചന്ദ്രനെ ലഹരി വിമോചന കേന്ദ്രത്തിൽ കൊണ്ടുപോയി ചികിത്സ കഴിഞ്ഞ് തിരികെ കൊണ്ടുവന്നതാണ്. അതിനു ശേഷം ഏകദേശം ഒരു വർഷത്തോളം ‘നല്ല നടപ്പി’ലായിരുന്ന രാമചന്ദ്രൻ കഴിഞ്ഞ ദിവസം വീണ്ടും മദ്യപാനം തുടങ്ങിയത്രേ. ഇത് ചോദ്യം ചെയ്ത അമ്മയേയും മകളേയും ഉപദ്രവിക്കാൻ ശ്രമിച്ച രാമചന്ദ്രൻ പിറ്റേന്ന് ഒരു വെട്ടുകത്തിയുമായി വന്ന് ഭാര്യ ഷീലയെ ഉപദ്രവിക്കാൻ തുടങ്ങി. കത്തി പിടിച്ചു വാങ്ങി രാമചന്ദ്രനെ ഷീല തുരുതുരാ വെട്ടുകയായിരുന്നു. പിന്നാലെ നിറഞ്ഞു കിടന്ന കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. നാട്ടുകാരെത്തി ഷീലയെ കരയിൽ എത്തിച്ച് ജീവൻ രക്ഷിച്ചു.
രാമചന്ദ്രൻ്റെ കഴുത്തിലും മുഖത്തുമൊക്കെ പരിക്കുണ്ട്. ഇരുവരേയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയതായാണ് വിവരം