കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ മുഴുവൻ സീറ്റുകളിലും വിജയിച്ചു. കണ്ണൂർ തവക്കരയിലെ സർവകലാശാലാ ആസ്ഥാനത്താണ് തെരഞ്ഞെടുപ്പു നടന്നത്. തുടർച്ചയായി ഇരുപത്തി അഞ്ചാം തവണയാണ് കണ്ണൂർ സർവകലാശാല യൂണിയനിൽ എസ് എഫ് ഐ വിജയക്കൊടി നാട്ടുന്നത്.
എസ് എഫ് ഐ യുടെ പ്രധാന എതിരാളികളായിരുന്ന യു ഡി എസ് എഫ് തെരഞ്ഞെടുപ്പിൽ ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിൽ അനുകൂല വിധി സമ്പാദിച്ചതിൻ്റെ അടിസ്ഥാനത്തിൽ വലിയ പൊലിസ് സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്.
രാവിലെ 10 മണിയ്ക്കായിരുന്നു വോട്ടെടുപ്പ് തുടങ്ങിയത്. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ കോളജുകളാണ് കണ്ണൂർ സർവകലാശാലയ്ക്കു കീഴിൽ വരുന്നത്. ഇവിടങ്ങളിൽ നിന്നുള്ള യു യു സി മാരും വോട്ടു ചെയ്യാനെത്തിയിരുന്നു. മുഴുവൻ സീറ്റിലും വിജയിക്കാൻ കഴിഞ്ഞ എസ് എഫ് ഐ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.
