പേരില്‍പോലും സംഗീതമുള്ള, സംഗീതത്തിന്റെ സമസ്ത മേഖലകളിലും വിരാജിച്ച സംഗീതം കൊണ്ട് രോഗികളെ ചികിത്സിക്കുകയും ചെയ്ത പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനും പിന്നണി ഗായകനും അഭിനേതാവുമായിരുന്നു ഡോ. എം ബാലമുരളീകൃഷ്ണ. ഗായകന്‍, സംഗീതജ്ഞന്‍, കവി എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.
വിവിധ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും വിദഗ്ധനായിരുന്നു അദ്ദേഹം. നിരവധി ചലച്ചിത്രങ്ങള്‍ക്ക് പിന്നണിയും പാടിയിട്ടുണ്ട്. തെലുങ്ക്, സംസ്കൃതം, കന്നഡ, തമിഴ് ഭാഷകളില്‍ 400 ഓളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിക്കാതെ പുതിയ താളക്രമങ്ങള്‍ ചിട്ടപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിരവധി രാഗങ്ങളും അദ്ദേഹം ചിട്ടപ്പെടുത്തി.
ഭാരതീയ കലകള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഭാരത സര്‍ക്കാര്‍ ബാലമുരളീകൃഷ്ണക്ക് രാജ്യത്തെ രണ്ടാമത്തെ സിവിലിയന്‍ പരമോന്നത ബഹുമതിയായ പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 2005-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ അദ്ദേഹത്തിനു ഷെവലിയര്‍ പട്ടം നല്‍കി ആദരിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ ശങ്കരഗുപ്തം എന്ന സ്ഥലത്ത് 1930 ജൂലൈ 6 നായിരുന്നു ജനനം. മംഗലപ്പള്ളി മുരളീകൃഷ്ണ എന്നായിരുന്നു മുഴുവന്‍ പേര്. സംഗീതത്തിലുള്ള വാസനയെ അറിഞ്ഞ ബാലമുരളീകൃഷ്ണയുടെ അച്ഛൻ അദ്ദേഹത്തെ ത്യാഗരാജസ്വാമികളുടെ പരമ്പരയിലുള്ള പരുമ്പള്ളു രാമകൃഷ്ണ പണ്ടലുവിന്റെ ശിഷ്യനാക്കി. വളരെ ചെറിയ പ്രായത്തില്‍ തന്നെ ബാലമുരളീകൃഷ്ണ കര്‍ണാടക സംഗീതത്തിന്റെ അടിസ്ഥാന രാഗങ്ങളായ 72 മേള കര്‍ത്താ രാഗങ്ങളിലും അതീവ പ്രാവീണ്യം നേടി. ഈ രാഗങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം കൃതികളും സംവിധാനം ചെയ്തു. കര്‍ണ്ണാടക സംഗീതജ്ഞന്‍ എന്നതിലുപരി മൃദംഗം, ഗഞ്ചിറ എന്നീ വാദ്യങ്ങളുപയോഗിക്കുന്നതിലും അദ്ദേഹം കഴിവു തെളിയിച്ചിരുന്നു.
ലോകത്തിലങ്ങോളമിങ്ങോളമായി 25,000 കച്ചേരികള്‍ നടത്തിയിട്ടുണ്ട്. പണ്ഡിറ്റ് ഭീംസെന്‍ ജോഷിയോടൊപ്പവും ഹരിപ്രസാദ് ചൗരാസ്യക്കൊപ്പവും സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1967-ല്‍ എ വി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങിയ ഭക്തപ്രഹ്ലാദ എന്ന ചലച്ചിത്രത്തില്‍ നാരദന്റെ വേഷം അവതരിപ്പിച്ച് വെള്ളിത്തിരയിലുമെത്തി. അതിനുശേഷം നിരവധി ചലച്ചിത്രങ്ങളില്‍ വേഷമിട്ടു. പി ജി വിശ്വംഭരന്റെ സംവിധാനത്തില്‍ 1984-ല്‍ പുറത്തിറങ്ങിയ സന്ധ്യക്കെന്തിനു സിന്ദൂരം എന്ന മലയാള ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
മികച്ച പിന്നണിഗായകനുള്ള ദേശീയപുരസ്‌കാരം, മികച്ച സംഗീതസംവിധായകന്‍, മികച്ച പിന്നണി സംഗീതം എന്നീ മൂന്നു പുരസ്‌കാരങ്ങള്‍ നേടിയ ഏക കര്‍ണാടക സംഗീതജ്ഞന്‍ ബാലമുരളീകൃഷ്ണയാണ്. രാജ്യത്തെ ഏഴു പ്രദേശങ്ങളിലെ ആകാശവാണി നിലയങ്ങളിലെ ‘ടോപ്പ് ഗ്രേഡ്’ കലാകാരനായും അറിയപ്പെട്ടിരുന്നു. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങളും ബാലമുരളീകൃഷ്ണയെ തേടിയെത്തിയിട്ടുണ്ട്. ഫ്രഞ്ച് ഗവണ്‍മെന്റ് നല്‍കുന്ന ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ് നേടിയ ഏക കര്‍ണാടക സംഗീതജ്ഞനും ബാലമുരളീകൃഷ്ണയാണ്.
2016 നവംബര്‍ 22ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു ബാലമുരളീകൃഷ്ണയുടെ അന്ത്യം.
സംഗീതം കൊണ്ട് രോഗികളെ ചികിത്സിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ആദ്യ രോഗി തമിഴ്നാടിൻ്റെ ഇതിഹാസ താരവും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന എം ജി ആറാണ്. വൃക്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ബോധരഹിതനായ എം ജി ആറിന് ബോധം വീണ്ടെടുത്ത് നല്‍കി ആധുനിക വൈദ്യശാസ്ത്രത്തെ തോല്‍പിച്ചു എന്നതും ബാലമുരളിക്ക് മാത്രം സ്വന്തം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അവശ നിലയിലായതിനാല്‍ എം ജി ആറിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. എം ജി ആറിന് സംഗീത ചികിത്സ നല്‍കാമെന്ന് ബാലമുരളി ഡോക്ടര്‍മാരുടെ മുന്നില്‍ ആശയം വെച്ചു. പ്രത്യേക അനുമതിയോടെ ഐ സി യുവിലത്തെി പ്രത്യേകം തയാറാക്കിയ ടേപ് ഹെഡ്ഫോണ്‍ വെച്ച് അബോധാവസ്ഥയില്‍ കിടന്ന അദ്ദേഹത്തെ കേള്‍പ്പിച്ചു. പതിനഞ്ച് മിനിറ്റിനുള്ളില്‍ കണ്ണുതുറന്ന അദ്ദേഹത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ ബോധം വീണ്ടുകിട്ടി.
തുടര്‍ ദിവസങ്ങളിലും അദ്ദേഹം അഭിനയിച്ച പല സിനിമഗാനങ്ങളും കേള്‍പ്പിച്ചു കൊടുത്തു. യാത്ര ചെയ്യാനുള്ള ആരോഗ്യം കിട്ടിയതോടെ ശസ്ത്രക്രിയക്കായി എം ജി ആറിനെ അമേരിക്കയിലേക്ക് കൊണ്ടുപോവുകയു ചെയ്തു.
