മോഹൻലാൽ നായകനായ സിബി മലയിൽ ചിത്രം ദേവദൂതനിൽ വിദ്യാസാഗറിൻ്റെ ഈണത്തിൽ ഭാവഗായകൻ പി ജയചന്ദ്രൻ, കെ എസ് ചിത്ര എന്നിവർ ആലപിച്ച ‘ പൂവേ പൂവേ പാല പൂവേ ‘ തങ്ങളെ എയറിലാക്കുമെന്ന് പത്തനംതിട്ടയിലെ തിരുവല്ല നഗരസഭയിലെ ചെറുപ്പക്കാരായ ജീവനക്കാർ ഒരിക്കലും ഓർത്തിരിക്കാൻ വഴിയില്ല. ജോലിയുടെ വിരസതയിൽ എപ്പോഴോ പാലപ്പൂ പാട്ടിട്ട് അവർ ഒരു റീൽ ചെയ്തു. അതെടുത്ത് സാമൂഹിക മാധ്യമങ്ങളിലുമിട്ടു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ സംഗതി കയറി അങ്ങ് കൊളുത്തി. പിറകേ പണിയുമെത്തി.
ഇതിൻ്റെ പേരിൽ ഇപ്പോൾ മുൻസിപ്പൽ സെക്രട്ടറി ജീവനക്കാർക്ക് വിശദീകരണം നൽകാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. ജോലി സമയത്ത് ഓഫിസിൽ വച്ച് റീൽ ചിത്രീകരിച്ചു, ഓഫിസ് സംവിധാനം ദുരുപയോഗം ചെയ്തു. കൂടാതെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് പൊതു സമൂഹത്തിൽ നഗരസഭക്കും ജീവനക്കാർക്കും എതിരെ അഭിപ്രായം ഉണ്ടാക്കാൻ വഴിവയ്ക്കും എന്നിങ്ങനെയാണ് കാരണം കാണിയ്ക്കൽ നോട്ടിസിൽ പറഞ്ഞിരിക്കുന്നത്.
ഓഫീസ് അവധിയായിരുന്ന ദിവസം അധിക ജോലി ചെയ്യാൻ വന്നതിനിടയിലാണ് റീൽ ചെയ്തതെന്നും പൊതു സമൂഹത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിലാണ് തങ്ങളിത് ചെയ്തതെന്നും അതിനാൽ തങ്ങൾക്കെതിരെ നടപടി ഉണ്ടാകില്ല എന്നുമാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്.
എന്നാൽ സോഷ്യൽ മീഡിയ ഒന്നടങ്കം ജീവനക്കാർക്കൊപ്പമാണ്. സന്തോഷത്തോടെ പാട്ടും പാടി തങ്ങളുടെ ജോലി ചെയ്യുന്ന ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നാണ് സോഷ്യൽ മീഡിയയിലെ പൊതു അഭിപ്രായം. മുൻസിപ്പൽ സെക്രട്ടറിയും ഇങ്ങനെ ‘ റിലാക്സ് ‘ ചെയ്തു ജോലി ചെയ്യണമെന്നും അവർ നിർദേശിക്കുന്നു.