ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഷൂട്ടിംഗ് നടത്തിയത് വിവാദമായതിനു പിന്നാലെ വിഷയത്തിൽ ആരോഗ്യ വകുപ്പു ഡയറക്ടറോട് മന്ത്രി വീണാ ജോർജ് വിശദീകരണം തേടി. കഴിഞ്ഞ ദിവസം രാത്രി നടന്ന ഷൂട്ടിംഗ് രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായി പരാതി ഉയർന്നിരുന്നു.
അങ്കമാലി താലൂക്കാശുപത്രിയിൽ നടന്ന പൈങ്കിളി എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആണ് വിവാദത്തിലായത്. ഫഹദ് ഫാസിൽ ആണ് ചിത്രത്തിൻ്റെ നിർമാതാവ്. ഷൂട്ടിംഗിനായി ആശുപത്രിയിലെ രജിസ്ട്രേഷൻ കൗണ്ടർ ഏറെ നേരം അടച്ചിട്ടതായി രോഗികൾ പരാതിപ്പെടുകയും ചെയ്തു. ആരാണ് ഷൂട്ടിംഗിനുള്ള അനുമതി നൽകിയതെന്നു വ്യക്തമല്ല.
വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിട്ടുണ്ട്. ഏഴു ദിവസത്തിനുള്ളിൽ ഇതു സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസ റോടും അങ്കമാലി താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനോടും മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചിരിക്കുകയാണ്.