രാഹുൽ തന്നെ നേതാവ്

At Malayalam
1 Min Read

രാഹുൽ ഗാന്ധിയെ ലോക് സഭാ പ്രതിപക്ഷ നേതാവായി ഇന്ത്യ സഖ്യം തെരഞ്ഞെടുത്തു. പ്രതിപക്ഷത്തുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് എന്ന നിലയിലാണ് രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തത്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തുടക്കത്തിൽ വിമുഖത കാട്ടിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഇക്കാര്യത്തിൽ ശക്തമായ നിലപാട് എടുത്തതോടെ രാഹുൽ ഗാന്ധി വഴങ്ങുകയായിരുന്നു. ഉത്തരവാദിത്തങ്ങളിൽ നിന്ന് എപ്പോഴും ഒളിച്ചോടുന്ന നേതാവായി രാഹുൽ ഗാന്ധി ചിത്രീകരിക്കപ്പെടും എന്നവർ അഭിപ്രായപ്പെട്ടു. മാത്രമല്ല രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതി ഐകകണ്ഠേന പ്രമേയവും പാസാക്കിയിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി വിവിധ വിഷയങ്ങളിൽ ഇടപെടുമ്പോൾ അത് പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും ഘടക കക്ഷി നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ടാക്കുന്നതിനും സഹായകമാകുമെന്നും കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയോട് സൂചിപ്പിച്ചു.

പ്രോം ടേം സ്പീക്കർക്ക് ഇന്നലെ സോണിയ ഗാന്ധി കത്തു നൽകിയിരുന്നു. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വിവരം കത്തിൽ പറഞ്ഞിട്ടുണ്ട്. ഇന്ന് പുതിയ സ്പീക്കർ വരുന്നതോടെ ഔദ്യോഗികമായി അദ്ദേഹത്തേയും വിവരം അറിയിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

പ്രതിപക്ഷ നേതാവിൻ്റെ ചുമതല ഏറ്റെടുക്കുന്നതോടെ രാഹുൽ ഗാന്ധി ഭാരിച്ച ഉത്തരവാദിത്തങ്ങളിലേക്കാവും എത്തുക. ലോക് സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഭരണ പക്ഷവുമായി ശക്തമായ ഏറ്റുമുട്ടലുകൾ നടത്തേണ്ടി വരും. ഒപ്പമുള്ള തൃണമൂൽ കോൺഗ്രസ് കക്ഷികളെയടക്കം ഒന്നിപ്പിച്ചു കൂടെ നിർത്തുന്നതിലും രാഹുൽ ഗാന്ധി ഏറെ ശ്രദ്ധിക്കേണ്ടി വരും. എന്നാൽ വെല്ലുവിളികളെയൊക്കെ അതിജീവിച്ച് താൻ കരുത്തനായ നേതാവാണന്നും പ്രതിപക്ഷത്തിനും നിലപാടുണ്ട്, കാഴ്ചപ്പാടുണ്ട് എന്ന തലത്തിലേക്ക് അദ്ദേഹം ഉയർന്നാൽ അത് പ്രതിപക്ഷ കക്ഷികൾക്കും കോൺഗ്രസിനും ഭാവിയിലേക്കുള്ള വലിയ മുതൽകൂട്ടു തന്നെയാകും.

Share This Article
Leave a comment